ഹോം സ്റ്റേ പ്രവര്‍ത്തനം സിപിഎം തടസപ്പെടുത്തിയതായി പരാതി
1373962
Monday, November 27, 2023 11:53 PM IST
കോട്ടയം: കോട്ടയം പാറമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഹോം സ്റ്റേ പ്രവര്‍ത്തനം തടസപ്പെടുത്തിയതായി പരാതി. നടപടി ആവശ്യപ്പെട്ട് പരാതി നല്കി അഞ്ചു മാസം പിന്നിട്ടിട്ടും പോലീസ് കേസെടുക്കുന്നില്ല. കേസെടുക്കണമെന്നാവശ്യപ്പെട്ട് പാറമ്പുഴ കുരുവീസ് നെസ്റ്റ് ഉടമ ബിനു കുര്യനും ഭാര്യ സുജയും എസ്പി ഓഫിസിനുമുന്നില്‍ സമരം ആരംഭിച്ചു.
കോട്ടയം പാറമ്പുഴയിലെ കുരുവി നെസ്റ്റിന്റെ പ്രവര്‍ത്തനമാണ് പ്രദേശിക സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം നിലച്ചതെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. അനാശാസ്യ പ്രവര്‍ത്തനമെന്ന ആരോപണവുമായി സിപിഎം ബോര്‍ഡ് സ്ഥാപിച്ചതോടെ അഞ്ചു മാസമായി ഹോം സ്റ്റേ അടച്ചിട്ടിരിക്കുകയാണ്.
പ്രവര്‍ത്തനം തടസപ്പെടുത്തിയവര്ക്കെതിരേ പരാതി നല്കി അഞ്ചു മാസമായിട്ടും പോലീസ് കേസെടുക്കുന്നില്ലെന്നാണ് പ്രവാസിയായ ബിനുവിന്റെയും ഭാര്യയുടെയും പരാതി. 2012 മുതല്‍ 2022 വരെ ലൈസന്‍സോടുകൂടി ഹോം സ്റ്റേ പ്രവര്‍ത്തിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് നിഷേധിച്ചു. സമീപവാസികളുടെ പരാതിയെത്തുടര്‍ന്നാണ് ലൈസന്‍സ് നിഷേധിച്ചത്. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഹോം സ്റ്റേ ഉടമയുടെ തീരുമാനം.