രാത്രികാലങ്ങളിൽ മണിമലയിലെ വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമാക്കി മോഷണശ്രമം
1373942
Monday, November 27, 2023 11:39 PM IST
മണിമല: രാത്രികാലങ്ങളിൽ മണിമലയിലെ വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമാക്കി മോഷണശ്രമം. മണിമല ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് ചുറ്റിക ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ വ്യക്തി 30-35 വയസ് തോന്നിക്കുന്ന സ്ത്രീ വേഷധാരിയാണ്.
എന്നാൽ, പൂട്ടുകൾ തുറക്കാൻ സാധിക്കാതെ വന്നതിനാൽ ശ്രമം വിഫലമാണെന്ന് മനസിലാക്കിയ മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു. ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന സ്വകാര്യ ബസുകളുടെ മറവുപിടിച്ചാണ് മോഷ്ടാവ് കൃത്യത്തിനു ശ്രമിച്ചത്. വ്യാപാരികൾ മണിമല പോലീസിൽ പരാതി നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, നേരത്തെതന്നെ ബസ് സ്റ്റാൻഡിനുള്ളിലെ അനധികൃത പാർക്കിംഗിനെതിരേയും സാമൂഹിക വിരുദ്ധശല്യത്തിനെതിരേയും പോലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനുമായി മണിമല പോലീസിൽ പരാതി നൽകിയിട്ടുള്ളതാണെന്ന് വ്യാപാരികൾ അറിയിച്ചു.