മനയ്ക്കപ്പാടത്ത് കാത്തിരിപ്പു കേന്ദ്രമില്ല; യാത്രക്കാർ വലയുന്നു
1338189
Monday, September 25, 2023 2:37 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന മനയ്ക്കപ്പാടം ജംഗ്ഷനിൽ കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. വെയിലായാലും മഴയായാലും പെരുവഴിയിൽ നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
ഏറ്റുമാനൂർ - അതിരമ്പുഴ റോഡിലാണ് മനയ്ക്കപ്പാടം ജംഗ്ഷൻ. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരിൽ ബഹുഭൂരിഭാഗവും ഇവിടെ നിന്നാണ് ബസ് കയറുന്നത്.
ദിവസേന 600ൽ അധികം യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നുണ്ട്. ഇവരിൽ ഏറെപ്പേരും എത്തുന്ന മനയ്ക്കപ്പാടത്ത് വെയിൽ കൊള്ളാതെയും മഴ നനയാതെയും നിൽക്കാനോ വിശ്രമിക്കാനോ സൗകര്യമില്ല.
മുമ്പ് ഇവിടെ ഒരു ക്ലബ് നിർമിച്ച കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്നു. അതു തകർന്ന് അസ്ഥികൂടം പോലെ നിൽക്കുന്നുണ്ട്. റെയിൽവേ കാത്തിരിപ്പു കേന്ദ്രം നിർമിക്കില്ല.
ത്രിതല പഞ്ചായത്തിന്റെ ഫണ്ടോ എംപി, എംഎൽഎ ഫണ്ടുകളോ ഉപയോഗിച്ചു വേണം കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ. അതിനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.