ഉരുള്‍, പ്രളയഭീതിയില്‍ മലയോരം
1338054
Sunday, September 24, 2023 11:59 PM IST
കോട്ടയം: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വരുംദിവസങ്ങളിലും ആവര്‍ത്തിക്കാം. എന്തു ദുരന്തം സംഭവിച്ചാലും നയാ പൈസ അടിയന്തര ഫണ്ടില്ലാതെ ഒരു നിര പഞ്ചായത്തുകള്‍. മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ തുടങ്ങിയ മലയോര പഞ്ചായത്തുകള്‍ക്ക് അത്യാഹിതവും പ്രകൃതിദുരന്തവും നേരിടാന്‍ തനതുഫണ്ടില്ല.
ഓരോ വര്‍ഷവും ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെ കടം പറഞ്ഞും ജില്ലാ കളക്ടറുടെ ഫണ്ടില്‍നിന്നു പിന്നീട് വാങ്ങിയെടുത്തുമാണ് ഈ പഞ്ചായത്തുകള്‍ ദുരന്തനിവാരണം നടത്തുന്നത്.
റോഡും ഗതാഗതവും പുനഃസ്ഥാപിക്കാനും ആംബുലന്‍സ് എത്തിക്കാനും പുനരധിവാസം നടത്താനുമൊന്നും ഫണ്ടില്ലാതെ നെട്ടോട്ടമോടുകയാണ് ഈ പഞ്ചായത്തുകള്‍. രണ്ടു വര്‍ഷം മുന്‍പ് കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടിലിലും മഹാപ്രളയത്തിലും 12 പേര് മരിച്ചു. ഇരുനൂറിലേറെ വീടുകളും കടകളും ഒലിച്ചുപോയി. പഞ്ചായത്തിന് അടിയന്തര സഹായമൊരുക്കാന്‍ അന്ന് ഏറെ പരിമിതികളുണ്ടായപ്പോള് സന്നദ്ധ സംഘടനകളാണ് അടിയന്തരസൗകര്യങ്ങളൊരുക്കിയത്.
ബുധനാഴ്ച വൈകുന്നേരം മൂന്നിലവിലും തലനാട്ടിലും ഉരുള്‍പൊട്ടലുണ്ടായി. ശനിയാഴ്ച വൈകുന്നേരം കനത്ത മഴയില്‍ പുല്ല്കയാറ്റിലും മണിമലയാറ്റിലും അതിവേഗം വെള്ളമുയര്‍ന്നു. ജനങ്ങളെ ഇത്തരം ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനും മാറ്റിപ്പാര്‍പ്പിക്കാനും താമസസൗകര്യമൊരുക്കാനും പഞ്ചായത്തുകള്‍ക്ക് സംവിധാനമില്ല. മഴക്കാലത്ത് കിഴക്കന്‍ പഞ്ചായത്തുകള്‍ക്ക് മാത്രമായി കണ്ട്രോള് റൂം തുറക്കുകയും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അറിയിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
നയാപൈസ
നഷ്ടപരിഹാരമില്ല
മൂന്നിലവ്, തലനാട് ഉരുള്‍പൊട്ടലില്‍ കഴിഞ്ഞ ദിവസം 200 ഏക്കര്‍ കൃഷിടമാണു ഒലിച്ചുപോയത്. റബര്‍, വാഴ, കപ്പ തുടങ്ങി കൃഷി അപ്പാടെ നശിച്ചു. കൃഷി മാത്രമല്ല കൃഷിയിടം ആഴത്തില്‍ ഒലിച്ചുപോയി കല്ക്കൂമ്പാരങ്ങള് മാത്രം അവശേഷിക്കുന്നു. കൃഷി, റവന്യു വകുപ്പ് നഷ്ടക്കണക്കെടുക്കുന്നതല്ലാതെ നയാപൈസ കര്‍ഷകര്‍ക്ക് കിട്ടാറില്ല. കിട്ടിയാല്‍തന്നെ ആയിരമോ അയ്യായിരമോ രൂപ മാത്രം.
ഒരു തലമുറയുടെ അധ്വാനവും നിരവധി കുടുംബങ്ങളുടെ ജീവിതവുമാണ് ഓരോ ഉരുള്‍പൊട്ടലും വകഞ്ഞെടുക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലാതിര്‍ത്തിയിലെ കിഴക്കന്‍ പഞ്ചായത്തുകളില്‍ അധിവസിക്കുന്ന കുടുംബങ്ങളെയും അവരുടെ കൃഷിയെയും വീടിനെയും ഇന്‍ഷ്വര്‍ ചെയ്യാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
മഴ തുടരും
ഒരാഴ്ചകൂടി ജില്ലയില്‍ കനത്ത മഴയുണ്ടാകും. കിഴക്കന്‍ പഞ്ചായത്തുകളില്‍ മേഘവിസ്ഫോടനത്തിനും കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിലും മിന്നല്‍പ്രളയത്തിനും സാധ്യത. തുലാമഴയുടെ തുടക്കമായതിനാല്‍ വൈകുന്നേരങ്ങളില്‍ ജാഗ്രത വേണം. മീനച്ചില്‍, മണിമല, പുല്ലകയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്കമുള്ളപ്പോള്‍ പാലങ്ങളില്‍ നില്‍ക്കരുത്. റോഡിലും പാടങ്ങളിലും വെള്ളക്കെട്ട് കാണാനിടയാല്‍ അതുവഴി വാഹനയാത്ര അരുത്. മഴയുണ്ടെങ്കില്‍ രാത്രി യാത്ര ഒഴിവാക്കണം. മഴ അതിശക്തമെങ്കില്‍ മലയോരങ്ങളില്‍നിന്നു മാറിത്താമസിക്കുകയാണ് സുരക്ഷിതമെന്നും അധികൃതർ പറയുന്നു.
ദുരന്തനിവാരണ
സംഘം ഇന്നെത്തും
കോട്ടയം: ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ദുരന്തനിവാരണ സംഘം ഇന്നു സന്ദര്‍ശിക്കും. തലനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്.
തലനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്നും അപകടമേഖലയില്‍നിന്നു ജനങ്ങളെ മാറ്റിപ്പാര്പ്പിക്കണമെന്നാവശ്യപ്പെട്ടും ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് ദുരന്ത നിവാരണ സംഘത്തിനു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തുന്നത്. മൂന്നു സാങ്കേതിത വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം ഇന്നും നാളെയുമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.