കെ.എം. മാണി സ്മാരക തണൽ വിശ്രമകേന്ദ്രം നിർമാണത്തിന് ഇന്നു തുടക്കം
1337968
Sunday, September 24, 2023 9:48 PM IST
കുറവിലങ്ങാട്: മുൻ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിർത്തി തണൽ വിശ്രമകേന്ദ്രം നിർമാണത്തിന് ഇന്ന് തുടക്കമാകും. കോഴായിലുള്ള ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലാണ് വിശ്രമത്തിനായി പുത്തൻ കെട്ടിട സമുച്ചയം ഉയരുന്നത്.
ഇന്ന് 2.30ന് ജോസ് കെ. മാണി എംപി നിർമാണ ഉദ്ഘാടനം നടത്തും. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും.
ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ജില്ലാപഞ്ചായത്ത് വകയിരുത്തിയ 1.7 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 30 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്. ആധുനിക നിലവാരത്തിലുള്ള ശുചിത്വസമുച്ചയം, കഫെറ്റീരിയ, ഹോട്ടൽ സമുച്ചയം, കോൺഫറൻസ് ഹാൾ, വിശ്രമമുറി എന്നിവയാണ് പുതിയ കെട്ടിടസമുച്ചയത്തിലുണ്ടാകുക.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 36 ലക്ഷം രൂപ ചെലവഴിച്ച് വനിതകൾക്കായി പ്രത്യേക വിശ്രമമുറിയും നിർമിക്കുന്നുണ്ട്. എംസി റോഡിനരുകിലായി സയൻസ് സിറ്റിയുടെ എതിർവശത്തായാണ് തണൽ വിശ്രമകേന്ദ്രമെത്തുന്നത്.
സയൻസ് സിറ്റി യാഥാർഥ്യമാകുന്നതോടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ഗവേഷകരടക്കമുള്ളവർക്ക് താമസത്തിനും വിശ്രമത്തിനും പുതിയ കേന്ദ്രത്തിലൂടെ അവസരം ലഭ്യമാകും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം. മാത്യു, ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സി. കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും.