മാലിന്യനീക്കം കാര്യക്ഷമമാക്കാൻ വെള്ളൂർ പഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് ഇ-ഓട്ടോറിക്ഷ
1335336
Wednesday, September 13, 2023 3:53 AM IST
വെള്ളൂർ: വെള്ളൂർ പഞ്ചായത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ഊർജിതമാക്കാൻ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ഹരിത കർമസേനയ്ക്ക് ഈ-ഓട്ടോറിക്ഷ നൽകി. 2023 - 24 വാർഷിക പദ്ധതി സർക്കാർ നിർദേശപ്രകാരമുള്ള മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നത്.
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി ശുചീകരിച്ചു. മാലിന്യങ്ങൾ കുന്നുകൂടുന്നതൊഴിവാക്കാൻ ജനങ്ങൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു.
മാലിന്യനിർമാർജനം കാര്യക്ഷമമാക്കുന്നതിനായി വാർഡുതലത്തിൽ ഗ്രാമസഭകൾ രൂപീകരിച്ചു. ഓരോ വാർഡിലും 50 കുടുംബങ്ങൾ ചേർന്ന് ക്ലസ്റ്റർ രൂപീകരിച്ച് ക്ലസ്റ്റർ യോഗങ്ങൾ 20നു മുമ്പ് നടത്തുവാൻ തീരുമാനിച്ചു.
സി.കെ. ആശ എംഎൽഎയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് വൈക്കം നിയോജകമണ്ഡലം സമ്പൂർണ ശുചിത്വ മണ്ഡലമാക്കി പ്രഖ്യാപിക്കുമ്പോൾ ഒക്ടോബർ ഒന്നിന് തന്നെ വെള്ളൂർ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ പറഞ്ഞു.