റബറിൽ പുതിയ വിപ്ലവം തീർത്ത് സിബി തോമസ്
1300078
Sunday, June 4, 2023 10:40 PM IST
പാലാ: റബർ വിലയിടിവ് എന്ന രോദനവുമായി പലരും റബറിൽനിന്ന് ഒാടിയൊളിക്കുന്പോൾ ഇവിടെ ഒരാൾ റബറിനെ വീണ്ടും കൂടുതൽ നെഞ്ചോടു ചേർക്കുകയാണ്. അത് മറ്റാരുമല്ല, പലവിധ കൃഷികളിൽ പയറ്റിത്തെളിഞ്ഞ പാലാക്കാരൻ സിബി തോമസ്. റബർ കൃഷി കേരളത്തിൽനിന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു കുടിയേറുന്പോൾ ഒപ്പം കുതിക്കുകയാണ് സിബീസ് കുറ്റിയാങ്കല്‍ നഴ്സറി ആന്‍ഡ് ഗാര്ഡന് ഉടമ സിബി തോമസ്. റബർതൈകൾ കയറ്റുമതി ചെയ്താണ് ഇപ്പോൾ ഈ കർഷകസംരംഭകൻ പുതിയ വിപ്ലവം തീർക്കുന്നത്.
ഒരു വര്‍ഷം 50 ലക്ഷം റബര്‍തൈകളാണ് ഇദ്ദേഹം കയറ്റുമതി ചെയ്യുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 30ഓളം റബര്നഴ്സറികളുമായുള്ള ബന്ധം സിബി തോമസ് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. കൂട്ടുകാരനും മലയാളിയുമായ ജോഷി കൊട്ടാരമാണ് ഈ തൈകൾ ആസാമില്‍ ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ ആസാമിലെ നഴ്സറിയില്‍ അതു വളരും. അവിടെനിന്നു വിവിധ മേഖലകളിലേക്കു പറിച്ചുനടും.
2025ഓടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ടു ലക്ഷം ഹെക്ടറില്‍ റബര്‍കൃഷി ലക്ഷ്യമാക്കുന്ന റബര്ബോർഡിനൊപ്പം ചുവടുവയ്ക്കുകയാണിവർ. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ആഴ്ചയില്‍ മൂന്നു ദിവസം റബര്‍ തൈകള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ആരംഭിച്ചതാണ് ഈ കയറ്റുമതി. റബര്‍ബോര്‍ഡിന്റെ എന്‍ഇ മിത്ര (നോര്‍ത്ത് ഈസ്റ്റ് മിത്ര) സ്കീമിലാണ് റബര്‍തൈകള്‍ കയറ്റുമതി ചെയ്യുന്നത്.
അസാം, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് റബര്‍ബോര്‍ഡ് കൃഷി വ്യാപിപ്പിക്കുന്നത്. ത്രിപുര സര്‍ക്കാര്‍ മാത്രം സ്വന്തമായി നഴ്സറികള്‍ ആരംഭിച്ചിട്ടുണ്ട്. ടയര്‍ കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക പിന്തുണയോടെയാണ്, 1,000 കോടി രൂപ മുതല്‍മുടക്കില്‍ ഈ സംസ്ഥാനങ്ങളില്‍ റബര്‍തൈകള്‍ നട്ടുവളര്‍ത്തുന്നത്.
റബർ മാത്രമല്ല, കാര്‍ഷിക തൈകള്‍, വിദേശ ഫലവൃക്ഷത്തൈകള്‍, പച്ചക്കറിത്തൈകള്‍, പച്ചക്കറി വിത്തുകള്‍, ചെടിച്ചട്ടികള്‍, അലങ്കാരച്ചെടികള്‍ തുടങ്ങി ചെടികളുടെ മായാലോകമാണ് സിബിയുടെ നഴ്സറികൾ. 15 വര്‍ഷംകൊണ്ടു കേരളത്തില്‍ 150ഓളം ചെറുകിട നഴ്സറികള്‍ക്കു തൈകള്‍ വിതരണം ചെയ്യുന്നു. സ്വന്തമായി അഞ്ചു ഔട്ട്ലെറ്റുകള് പാലായിലും എറണാകുളത്തും കോട്ടയത്തുമായി നിറഞ്ഞുനില്ക്കുന്നു. പാലാ മേഖലയില്‍ സ്വന്തമായും പാട്ടത്തിനുമെടുത്ത സ്ഥലങ്ങളിലാണ് ഈ നഴ്സറികൾ.