ജില്ലയിൽ 1,176 സർക്കാർ സ്ഥാപനങ്ങളിലും 183 വീടുകളിലും കെ-ഫോൺ കണക്ഷൻ
1299815
Sunday, June 4, 2023 6:26 AM IST
കോട്ടയം: കെ-ഫോൺ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ ജില്ലയിലും നിയോജകമണ്ഡലാടിസ്ഥാനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി വില്ലേജ് ഓഫീസിലെ അധികൃതരുമായി മുഖ്യമന്ത്രി തത്സമയം സംവദിക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും കെ-ഫോൺ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 1,900 സർക്കാർ സ്ഥാപനങ്ങളിൽ 1,176 സ്ഥാപനങ്ങളിൽ കെ-ഫോൺ വഴി ഇന്റർനെറ്റ് സൗകര്യം എത്തിച്ചു കഴിഞ്ഞു.
ആദ്യഘട്ടത്തിൽ കണക്ഷൻ നൽകാനായി ജില്ലയിൽ നിയോജകമണ്ഡലടിസ്ഥാനത്തിൽ 943 ബിപിഎൽ വീടുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 183 വീട്ടിൽ ഇതുവരെ കണക്ഷൻ നൽകി. ബാക്കിയുള്ളവർക്ക് 30നകം ലഭിക്കും.
ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലത്തിലും കെ-ഫോൺ ഉദ്ഘാടനം നടക്കും. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കോട്ടയം നിയോജകമണ്ഡലത്തിൽ മൂലേടം എൻഎസ്എംസിഎംഎസ് എൽപി സ്കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ് മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിൽ നിർവഹിക്കും. ചങ്ങനാശേരി മണ്ഡലത്തിൽ കുറിച്ചി ഇത്തിത്താനം ഗവ. എൽപി സ്കൂളിൽ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം പേട്ട സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (പേട്ട ഗവ. ഹൈസ്കൂൾ വളപ്പ്) ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൂഞ്ഞാർ ഗവ. എൽപി സ്കൂളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും പാലാ നിയോജകമണ്ഡലത്തിൽ ളാലം ഗവ. എൽപി സ്കൂളിൽ മാണി സി. കാപ്പൻ എംഎൽഎയും വൈക്കം നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം കല്ലറ പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ സി.കെ. ആശ എംഎൽഎയും കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ മോൻസ് ജോസഫ് എംഎൽഎയും നിർവഹിക്കും.