വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
1299156
Thursday, June 1, 2023 12:54 AM IST
വൈക്കം: സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. വൈക്കം പുളിഞ്ചുവട് പരുത്തിമുടിയിൽ താമസിക്കുന്ന തോട്ടകം സ്വദേശി മധു (53 ) വാണ് മരിച്ചത്.
വൈക്കം നഗരത്തിൽ യാത്രക്കാരെ ഇറക്കിയശേഷം വീട്ടിലേക്കു പോകാനായി ഇടവഴിയിലൂടെ വന്ന മധുവിന്റെ ഓട്ടോറിക്ഷ ലിങ്ക് റോഡിലേക്കു കയറുമ്പോൾ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് മുന്നിൽ കുടുങ്ങിയ ഓട്ടോറിക്ഷ പത്ത് മീറ്ററോളം ബസ് നിരക്കി കൊണ്ടുപോയതിനെത്തുടർന്ന് പാടത്തേക്ക് മറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മധുവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായിപരിക്കേറ്റ മധുവിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ചു. വൈക്കം വലിയ കവലയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളിയാണ് മധു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പരുത്തിമുടിയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഗീത. മകൻ: നന്ദു (ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥി ). വൈക്കം പോലീസ് മേൽനടപടികൾ സ ്വീകരിച്ചു.