വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ കളക്ടറേറ്റിൽ യോഗം
1299155
Thursday, June 1, 2023 12:54 AM IST
കടുത്തുരുത്തി: കടുത്തുരുത്തി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ യോഗം നടന്നു. ജില്ലാ കളക്ടര്‍ ഡോ.പി. കെ ജയശ്രീയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റിലാണ് യോഗം നടന്നത്.
കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനിലേക്ക് വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് മുന്നോടിയായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന് ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈക്കം തഹസില്‍ദാരെ യോഗം ചുമതലപ്പെടുത്തി.
സിവില്‍ സ്റ്റേഷനില്‍ സജ്ജീകരിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ പ്രവര്‍ത്തന ചുമതല കടുത്തുരുത്തി പഞ്ചായത്തിനു കൈമാറുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ മുമ്പ് ധാരണയായിരുന്നു. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിയുടെ അനുമതിക്കായി പ്രൊപ്പോസല്‍ നല്‍കും.
കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം നിര്‍മിക്കാന്‍ കടുത്തുരുത്തി പോളിടെക്നിക് കോമ്പൗണ്ടില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ കൈമാറിയ സ്ഥലത്ത് നിര്‍മാണ അനുമതി ഉറപ്പുവരുത്തുവാനും സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കാന്‍ കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസറെയും കടുത്തുരുത്തി പഞ്ചായത്ത് കാര്‍ഷിക വികസന സമിതിയെയും യോഗം ചുമതലപ്പെടുത്തി.
കടുത്തുരുത്തി പോളിടെക്നിക് കോമ്പൗണ്ടിലേക്ക് റോഡുകൾ നിര്‍മിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കാനും അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്താനും അനുമതിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാൻ വൈക്കം താലൂക്ക് ഭൂരേഖ തഹസില്‍ദാരെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും നിശ്ചയിക്കപ്പെട്ട അളവില്‍ സ്ഥലം കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും.
ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ അപകട വളവുകള്‍ നിവര്‍ത്തുന്നതിനും കുറുപ്പന്തറ ജംഗ്ഷന് വികസന പദ്ധതി നടപ്പാക്കുന്നതിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും.
കുറുപ്പന്തറ, കടുത്തുരുത്തി, കോതനല്ലൂര്‍ റെയില്‍വേ മേല്പാലങ്ങള് നിര്‍മിക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനു റിപ്പോര്‍ട്ട് തയാറാക്കാൻ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനെയും കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് കടപ്ലാമറ്റത്ത് നിശ്ചയിച്ചിരിക്കുന്ന സ്വകാര്യഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്റെയും യോഗം ചുമതലപ്പെടുത്തി.