കുരുന്നുകളുടെ മനസിന് കുളിരേകാൻ
1297809
Sunday, May 28, 2023 2:02 AM IST
കാഞ്ഞിരപ്പള്ളി: മധ്യവേനൽ അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ മനസിന് കുളിരേകാൻ ചുവർചിത്രങ്ങളുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂൾ.
സ്കൂളിലെ ചിത്രകലാ അധ്യാപകനായ കുന്നുംഭാഗം വെച്ചൂർ മിഥുൻ ജോർജ് ആണ് സ്കൂളിലെ എൽപി വിഭാഗം കെട്ടിടം ചുവർചിത്രങ്ങളാൽ മനോഹരമാക്കിയിരിക്കുന്നത്. മിഥുന് സഹായമായി സുഹൃത്തുക്കളും തിരുവനന്തപുരം സ്വദേശികളുമായ ജോബിൻ പ്രകാശും ശരത്ത് പ്രേമും കൊല്ലം കരുനാഗപള്ളി സ്വദേശി ശ്യാം ലാലും ഒപ്പമുണ്ടായിരുന്നു.
പഴയ തലമുറയുടെ കുട്ടിക്കാലത്തെ വിനോദങ്ങളാണ് ചിത്രങ്ങളായി വരച്ചുചേർത്തിരിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേഴ്വി പോലുമില്ലാത്തവയാണ് പലതും. പാളവണ്ടി വലിച്ചുനീങ്ങുന്ന കുട്ടിയും ഊഞ്ഞാലാട്ടവുമെല്ലാം ഇതിലുണ്ട്. ഓലക്കണ്ണാടിയും ഓലക്കാറ്റാടിയുമൊക്കെയായി കുട്ടികൾ കളിക്കുന്ന ചിത്രങ്ങളും ആദ്യമായി സ്കൂളിലേക്കെത്തുന്ന കുരുന്നുകളുടെ മനം കവരും.
പഴയ തലമുറയുടെ വിനോദങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനും പഴയതലമുറയെ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകാനുമാണ് ഇത്തരമൊരു ചിത്രരചനാശൈലി സ്വീകരിച്ചതെന്ന് മിഥുൻ പറഞ്ഞു.
നാലു ദിവസംകൊണ്ടാണ് ഇവർ ചിത്രങ്ങൾ വരച്ചുതീർത്തത്. സ്കൂൾ മാനേജ്മെന്റിന്റെയും ഹെഡ്മാസ്റ്റർ പി.ജെ. തോമസിന്റെയും സഹപ്രവർത്തകരുടെയും പിന്തുണയും പ്രോത്സാഹനവും മിഥുനുണ്ട്.
ജോജി പേഴത്തുവയലിൽ