സാമൂഹിക, സാംസ്കാരിക മുന്നേറ്റത്തെ തടയുന്ന പ്രവണതകളെ ചെറുക്കും: പുന്നല
1296640
Tuesday, May 23, 2023 12:24 AM IST
വൈക്കം:സാമൂഹിക സാംസ്കാരിക മുന്നേറ്റത്തെ തടയുന്ന യാഥാസ്ഥിതിക പ്രവണതകളെ ചെറുക്കുമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെപിഎംഎസ് 52-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം വൈക്കം ശ്രീനാരായണ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദേശ ഭരണത്തിന് അറുതി വരുത്തി ജനാധിപത്യ സർക്കാരുകൾ രൂപപ്പെട്ടെങ്കിലും ജാതി സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സമാന്തര അധികാര കേന്ദ്രങ്ങളെ ഇല്ലാതാക്കാൻ സമാന ചിന്താഗതിക്കാരുമായി യോജിച്ചു പ്രവർത്തിക്കുമെന്നും പുന്നലശ്രീകുമാർ കൂട്ടിചേർത്തു.
സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ അധ്യക്ഷത വഹിച്ചു. കണക്കും പ്രവർത്തന റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. എ. സനീഷ്കുമാർ, പി.എ. അജയഘോഷ്, പി.വി. ബാബു, വി. ശ്രീധരൻ, എൻ. ബിജു, ഡോ.ആർ. വിജയകുമാർ, പി. ജനാർദനൻ, സി.കെ. ഉത്തമൻ, തുടങ്ങിയവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ വിവിധ യൂണിയനുകളിൽ നിന്നായി 637 പ്രതിനിധികൾ പങ്കെടുക്കുന്നു.