കണമലയുടെ നൊമ്പരമായി ചാക്കോച്ചന് യാത്രാമൊഴി
1296559
Monday, May 22, 2023 11:28 PM IST
കണമല: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തയിൽ തോമസ് ചാക്കോയ്ക്ക് (ചാക്കോച്ചൻ -65) നാടിന്റെ നൊമ്പരം നിറഞ്ഞ യാത്രാമൊഴി. ഇന്നലെ രാവിലെ കണമല സെന്റ് തോമസ് പള്ളിയിൽ നടന്ന സംസ്കാര ചടങ്ങുകളിലും പ്രാർഥനാശുശ്രൂഷയിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരി സംസ്കാരശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്ലാവനാക്കുഴിയില്‍ (പുന്നത്തറ) തോമസിനെയും സംസ്കരിച്ചത് കണമല സെന്റ് തോമസ് പള്ളിയിലായിരുന്നു. ഉറ്റ സുഹൃത്തുക്കളും അയൽവാസികളുമായിരുന്നു തോമസും ചാക്കോയും. ഇനി അവർ കണമലയുടെ മണ്ണിൽ ഒരുമിച്ച് അന്ത്യവിശ്രമം കൊള്ളും.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി, ആന്റോ ആന്റണി എംപി, കിൻഫ്രാ ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, സംസ്ഥാന കമ്മിറ്റി അംഗം ജോബി നെല്ലോലപൊയ്ക, ജില്ലാ ജനറൽ സെക്രട്ടറി ബിനോ ജോൺ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, ബ്ലോക്ക് ഡിവിഷൻ അംഗം മാഗി ജോസഫ്, വാർഡ് അംഗം ജിൻസി ജോസഫ് തുടങ്ങിയവരും ജനപ്രതിനിധികളും കർഷക സംഘടനകളുടെ ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.