വേനൽ മഴയിലും കാറ്റിലും കനത്ത നാശം
1534009
Tuesday, March 18, 2025 1:22 AM IST
ചെറുപുഴ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഇരുട്ടടിയായി വേനൽ മഴയും കാറ്റും. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും നൂറുകണക്കിന് കുലച്ച വാഴകളും റബർ മരങ്ങളും കവുങ്ങുകളുമാണു നിലംപൊത്തിയത്. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ ചെറുപുഴ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ സന്ദർശിച്ചു. തിരുമേനിയിൽ പി.ടി. ജോജോമോൻ, ഇ.ജെ. വിത്സൺ എന്നിവരുടെ 50 വീതം വാഴകൾ പൂർണമായും നശിച്ചു.
ചുണ്ടയിലുള്ള വി.എ. ആന്റണി, എം.ടി തോമസ് എന്നിവരുടെ റബറും കവുങ്ങും കാറ്റിൽ നശിച്ചു.
ഊമലയിലുള്ള കൊല്ലംപറമ്പിൽ ജോസഫിന്റെ കുലച്ചുവരുന്ന നൂറോളം ഏത്തവാഴകൾ നശിച്ചു. ചെറുപുഴ കൃഷിഭവന്റെ നിർദേശപ്രകാരം ശാസ്ത്രീയമായി കൃഷിചെയ്ത് 30 കിലോവരെ തൂക്കം ലഭിക്കേണ്ട വഴക്കുലകളാണു നിലംപതിച്ചതെന്ന് സുരേഷ് കുറ്റൂർ പറഞ്ഞു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.