പക്ഷിനിരീക്ഷകരെ കാത്ത് കിദൂര്‍ പക്ഷിഗ്രാമം
1533693
Monday, March 17, 2025 1:07 AM IST
കാസര്‍ഗോഡ്: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ് കിദൂര്‍ പക്ഷിഗ്രാമം. കാസര്‍ഗോഡ് ആരിക്കാടിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കിദൂര്‍ കുമ്പള പഞ്ചായത്തിലെ ആദ്യത്തെ ടൂറിസം പദ്ധതി കൂടിയാണ്. പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ഇഷ്ട കേന്ദ്രമായ കിദൂരില്‍ ഇതുവരെ 152 ല്‍ പരം വ്യത്യസ്ത ഇനത്തിലുള്ള പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. വംശനാശം നേരിടുന്ന ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ളഅരിവാള്‍ കൊക്കന്, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിയവയുള്‍പ്പടെ 38 ദേശാടനപ്പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.
പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന് വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന് ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കണ്ടുവരുന്നു. ഇന്ത്യയി ല്‍, ഈ പ്രദേശത്ത് മാത്രം കൂടുതലായി കണ്ടുവരുന്ന മഞ്ഞ വരിയന് പ്രാവ് പ്രധാന ആകര്‍ഷണമാണ്.ലോകത്തിലെ ഏറ്റവും വലിയ, പക്ഷി വിവരങ്ങള്‍ ശേഖരിക്കുന്ന പൊതുജന കൂട്ടായ്മയായ ഇ-ബേര്‍ഡ്സില്‍ കിദൂരില്‍ നിന്നും വിവിധ തരം പക്ഷി വര്‍ഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, കൂടുതല്‍ ഇനങ്ങളെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും തുടരുന്നു. എല്ലാ കാലത്തും വെള്ളം തരുന്ന കാജൂര്പള്ളം ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ഒരു ആകര്‍ഷകമാണ്.
പല സ്ഥലങ്ങളില്‍ നിന്നും പക്ഷിനിരീക്ഷകരും ഗവേഷകരും ഇവിടെ എത്തുന്നതിനാല്‍, താമസസൗകര്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആശ്യകയും ഉയര്‍ന്നു.
ഈ പശ്ചാത്തലത്തില്‍, സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് ഒരു ആധുനിക ഡോര്‍മെറ്ററി നിര്‍മ്മിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി വ്യത്യസ്ത താമസമുറികള്‍,മീറ്റിംഗ് ഹാള്‍, ശുചിമുറികള്‍, അടുക്കള, ഓഫീസ് മുറി തുടങ്ങിയ എല്ലാവിധ അത്യാധുനിക സൗകര്യത്തോടും കൂടിയ ഡോര്‍മെറ്ററി യുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.
ഉടന്‍ തന്നെ ഉദ്ഘാടനം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമുളള പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്നേഹികളുടേയും മുഖ്യ ആകര്‍ഷണകേന്ദ്രമാക്കി കിദൂരിനെ മാറ്റാന്‍ സാധിക്കും. 50 പേര്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് ഡോര്‍മെറ്ററി നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലാ നിര്മിതികേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. കിദൂര്‍ പക്ഷി ഗ്രാമം ഒരു ടൂറിസം ഹബ്ബായി ഉയര്‍ന്നുവരുമ്പോള്‍ പരിസര പ്രദേശങ്ങളായ ആരിക്കാടി കോട്ട, അനന്തപുരം തടാക ക്ഷേത്രം, എന്നിവയും വിനോദസഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രങ്ങളായി മാറും. ടൂറിസം വകുപ്പിന്റെ ഇക്കോടൂറിം പോയന്റായ കിദൂരിനെ പ്രഖ്യാപിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.