സജീവ് ജോസഫ് എംഎൽഎ കർണാടക മന്ത്രിയുമായി രണ്ടാംഘട്ട ചർച്ച നടത്തി
1533042
Saturday, March 15, 2025 1:57 AM IST
ഉളിക്കൽ: കർണാടക വന മേഖലയുമായി കേരളം അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കിയിലെ ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎ കർണാടക വനം മന്ത്രി ഈശ്വർ കണ്ഠരുമായി രണ്ടാംഘട്ട ചർച്ച നടത്തി.
ആദ്യഘട്ട ചർച്ചയ്ക്ക് ശേഷം കുടക് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഏതാനും ദിവസം മുന്പ് കാലാങ്കി ടൂറിസം സ്പോട്ട് സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് മന്ത്രിയുമായി എംഎൽഎ കൂടിക്കാഴ്ച നടത്തിയത്. പേരട്ട, തൊട്ടിൽപാലം എന്നിവിടങ്ങളിൽ നേരിടുന്ന വന്യമൃഗ ശല്യത്തിനും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.
കൂടിക്കാഴ്ചയിൽ ഫോറസ്റ്റ് ഇക്കോളജി എൻവയോൺമെന്റ് വിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി അർജുൻ പർവാസ് (ഐഎഎസ്), വനം വകുപ്പ് സെക്രട്ടറി പ്രഭാഷ് ചന്ദ്ര റേ (ഐഎഫ്എസ്), പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സുഭാഷ് മാൽഖഡേ (ഐഎഫ്എസ്) തുടങ്ങിയവരും പങ്കെടുത്തു.