മാക്കൂട്ടം ചുരം പാതയിൽ വനം വകുപ്പിന്റെ ശുചീകരണം
1533038
Saturday, March 15, 2025 1:57 AM IST
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കർണാടക വനം വകുപ്പിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതതിലെ ജീവനക്കാരും വനം വകുപ്പിലെ ജീവനക്കാരും സംയുകതമായി ചുരംപാത ശുചീകരിച്ചു. വഴിയരികിലും വനമേഖലയിലും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കുകളിൽ ശേഖരിച്ച് മേഖലയിൽ നിന്നും മാറ്റുന്ന പ്രവൃത്തിയാണ് ജീവനക്കാർ ചെയ്യുന്നത്.
ദിനം പ്രതി കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള ആയിരകണക്കിന് യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങളിൽ മാലിന്യം എത്തിച്ച് വനത്തിൽ തള്ളുന്ന സാമൂഹ്യ ദ്രോഹികളും ധാരാളമാണ്. വാഹനങ്ങളിൽ എത്തുന്നവർ ആളൊഴിഞ്ഞ കോണുകളിൽ മാലിന്യം വനത്തിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. ദൂര പ്രദേശങ്ങളിൽ നിന്നുപോലും മാലിന്യം വാഹനങ്ങളിൽ എത്തിച്ച് ചുരത്തിൽ തള്ളുന്ന പ്രത്യേക സംഘം പോലും പ്രവർത്തിക്കുന്നുണ്ടന്നാണ് ലഭിക്കുന്ന വിവരം. വനം വകുപ്പിന്റെ മാക്കൂട്ടത്തെ ചെക്പോസ്റ്റിൽ നിരവധി തവണ കേരളത്തിൽ നിന്നും മാലിന്യം കയറ്റിയ വണ്ടി പിടികൂടി ഫൈൻ ഇട്ടിരുന്നു.
മൂന്ന് ടീമുകളായി
തിരിഞ്ഞ് ശുചീകരണം
മാക്കൂട്ടം മുതൽ പെരുമ്പാടി വരെയുള്ള 19 കിലോമീറ്റർ ദൂരം മൂന്ന് ടീമുകളായിട്ടാണ് ശുചീകരണം നടത്തുന്നത്. 20 ലധികം വരുന്ന ജീവനക്കാരനാണ് ശുചീകരണ പ്രവർത്തിയിൽ പങ്കാളികൾ ആകുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് ശുചീകരണം നടത്തുന്നത്. ഓരോ ശുചീകരണത്തിലും ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇവർ ശേഖരിക്കുന്നത്. ബ്രഹ്മഗിരി വന്യജീവി സങ്കേതം ഉൾപ്പെടുന്ന പ്രത്യേക പാരിസ്ഥിതിക വനമേഖലയിൽ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാകാരമാണെന്ന് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും യാത്രക്കാർ ആരും തന്നെ മുന്നറിയിപ്പുകൾ പാലിക്കുന്നില്ല.
കേരളത്തിലേക്കുള്ള പ്രധാന നദികളിൽ ഒന്നായ ബാരാപോൾ പുഴയുടെ മഴക്കാടുകൾ നിറഞ്ഞ പ്രദേശം കൂടിയാണ് ഇവിടം. ഇതുവഴി യാത്രചെയ്യുന്ന എല്ലാ യാത്രക്കാരോടും വനം വകുപ്പിന് പറയാനുള്ളത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് ചുരം മേഖല മാലിന്യമാക്കരുതെന്നാണ്. ആഴ്ചയിൽ 100 ലധികം വനം വകുപ്പ് ജീവനക്കാരനാണ് ശുചീകരണത്തിന് മാത്രം വിനയോഗിക്കുന്നത്. മാക്കൂട്ടം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി.എൻ. ഗുരുപ്രസാദിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ജീവനക്കാരനാണ് ചുരംപാതയിൽ ശുചീകരണം നടത്തിയത്.