പ്രഥമ സാൻജോസ് തീർഥാടനത്തിന് ഇന്നു തുടക്കം
1533988
Tuesday, March 18, 2025 1:22 AM IST
കോളിച്ചാൽ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസർഗോഡ് ജില്ലയിലെ ഏക തീർഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോന തീർഥാടന പള്ളിയിലേക്കുള്ള പ്രഥമ സാൻജോസ് തീർഥാടനത്തിന് ഇന്നു തുടക്കമാകും.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ അതിരൂപത വികാരി ജനറാൾമാർ ഉൾപ്പെടെ 100ൽ പരം വൈദികരുടെ നേതൃത്വത്തിൽ പടിമരുത്, മാലോം, പടുപ്പ്, പാണത്തൂർ എന്നിവിടങ്ങളിൽനിന്നും കാൽനടയായി ആയിരക്കണക്കിന് തീർഥാടകർ 19നു പുലർച്ചെ നാലിനു പനത്തടിയിൽ എത്തിച്ചേരും.
പടിരുത്
രാത്രി 07.00
വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് ഫൊറോനകളിലെ വിവിധ ഇടവകകളിൽനിന്നും തീർഥാടനത്തിൽ പങ്കെടുക്കാൻ വിശ്വാസികൾ ഇന്നു രാത്രി ഏഴിന് പടിമരുത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ എത്തിച്ചേരും. ഏഴിനു ജപമാലയെ തുടർന്ന് തലശേരി അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ വചനസന്ദേശം നൽകും.
8.30ന് ആരാധന, രാത്രി 10 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് രാത്രി 12നു പനത്തടിയിലേക്ക് കാൽനടയായി തീർഥാടനം.
മാലോം
രാത്രി 07.00
മാലോം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ ഇന്നു രാത്രി ഏഴിന് കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. മാത്യു മുക്കുഴി വചനസന്ദേശം നൽകും. രാത്രി ഒന്പതിന് വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് കാൽനടയായി പനത്തടിയിലേക്ക് യാത്ര പുറപ്പെടും.
പടുപ്പ്
രാത്രി 7.30
പടുപ്പ് സെന്റ് ജോർജ് പള്ളിയിൽ രാത്രി 7.30ന് അമ്പലത്തറ കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ഫാ.ലിജോ തടത്തിൽ വചനസന്ദേശം നൽകും. രാത്രി പത്തിന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പനത്തടിയിലേക്ക് കാൽനടയായി തീർഥാടന യാത്ര ആരംഭിക്കും.
പാണത്തൂർ
രാത്രി 7.30
പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ രാത്രി 7.30നു ജപമാല.എട്ടിനു ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപറമ്പിൽ വചനസന്ദേശം നൽകും. രാത്രി ഒന്പതിന് വിശുദ്ധ കുർബാനയ്ക്ക് റ.ഡോ. ജോസഫ് കാക്കരമറ്റത്തിൽ മുഖ്യകാർമികത്വം വഹിക്കും.തുടർന്ന് രാത്രി12.30നു പനത്തടിയിലേക്ക് കാൽനടയായി തീർഥാടന യാത്ര.
കാൽനടയായുള്ള തീർഥാടനയാത്രയിൽ പങ്കെടുക്കാൻ കഴിയാത്ത വിശ്വാസികൾക്കു വേണ്ടി ഇന്നു രാത്രി 7.30നു പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ ജപമാല. രാത്രി എട്ടിന് ഫാ. അഗസ്റ്റിൻ ചക്കാംകുന്നേൽ വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി വചന സന്ദേശം നൽകും. രാത്രി 10.30നു വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് നാളെ പുലർച്ചെ നാലു വരെ ദിവ്യകാരുണ്യ ആരാധനയും നടക്കും.
പനത്തടി
നാളെ പുലർച്ചെ 04.00
നാളെ പുലർച്ചെ നാലോടെ വിവിധ കേന്ദ്രങ്ങളിൽനിന്നും കാൽനടയായി തീർഥാടകർ പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ എത്തിച്ചേരും. അഞ്ചിനു ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി.
ദിവ്യബലിയോടനുബന്ധിച്ച് മലബാറിൽ ആദ്യമായി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുശേഷിപ്പ് പനത്തടി തീർഥാടന പള്ളിയിൽ വിശ്വാസികളുടെ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും.
നേർച്ചകാഴ്ച സമർപ്പണത്തിനുശേഷം പാച്ചോർ നേർച്ച വിതരണത്തോടെ പ്രഥമ സാൻജോസ് തീർഥാടനത്തിന് സമാപനം കുറിക്കുമെന്ന് പനത്തടി ഫൊറോന വികാരി റവ.ഡോ. ജോസഫ് വാരണത്ത്, അസി.വികാരി ഫാ. അഗസ്റ്റിൻ അറയ്ക്കൽ എന്നിവർ അറിയിച്ചു.