വന്യമൃഗങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ട് മണ്ണിന്റെ അവകാശികൾ
1533602
Sunday, March 16, 2025 7:34 AM IST
ഇരിട്ടി: വന്യമൃഗാക്രമണവും മരണവും നിത്യസംഭവമാകുന്പോഴും വനാതിർത്തികളിൽ വന്യമൃഗങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ടുപോയ ചില കർഷകരുണ്ട്. ആകെയുള്ള സമ്പാദ്യമായ കൃഷിഭൂമി വിട്ട് എവിടേക്കും പോകാനാകാതെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടത്തിലാണിവർ.
അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് വനമേഖലയിലും സമാനമായ കുറച്ച് കുടുംബങ്ങളുണ്ട്. തങ്ങളുടെ വിയർപ്പിറ്റുവീണ മണ്ണിനോടുള്ള സ്നേഹത്താൽ വന്യമൃഗങ്ങളോട് പടവെട്ടി ജീവിതം നയിക്കുന്നവർ.

രണ്ടാഴ്ചയ്ക്കുള്ളിൽ ഈ മേഖലയിലെ രണ്ട് വളർത്തുനായ്ക്കളെയാണ് വന്യജീവി പിടിച്ചത്. വന്യജീവിയെന്ന് പൊതുവെ പറയുന്പോഴും ഇവിടുത്തുകാർ അത് കടുവയാണെന്ന് ഉറപ്പിച്ചു പറയുന്നു. കിലോമീറ്ററുകൾ ചെങ്കുത്തായ റോഡിലോടെ നടന്നുവേണം ഇവിടെ എത്താൻ. വാണിയപ്പാറയിൽ നിന്ന് നാലു കിലോമീറ്ററിലധികം ദൂരമുണ്ട് ഇവിടേക്ക്. പകുതി ദൂരം സാധാരണ വാഹനമെത്തും. ഒരു കിലോമീറ്ററിൽ അധികം ദൂരം ചെങ്കുത്തായ മൺ റോഡാണ്. ഹൈഗിയർ ജീപ്പ് മാത്രമാണ് ഇവിടേക്കെത്തുക. 300 രൂപയാണ് ജീപ്പിന് വാടക. നിത്യോപയോഗ സാധനങ്ങൾ പോലും താമസസ്ഥലത്തേക്ക് കഷ്ടപ്പെട്ട് എത്തിച്ചാണ് ഇവർ ജീവിക്കുന്നത്.
അട്ടയോലി മല
അയ്യൻകുന്ന് പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന കിടക്കുന്ന കുടിയേറ്റ പ്രദേശമാണ് അട്ടയോലിമല. പേരുപോലെ തന്നെ മഴക്കാലമായാൽ രക്തം കുടിക്കുന്ന അട്ടകളുടെ കേന്ദ്രം. മറ്റൊരു വശത്താകട്ടെ വന്യമൃഗങ്ങളും. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് കുടിയേറ്റ കർഷകർ ഇവിടെ കൃഷി ചെയ്തത്. ഏറ്റവും ഒടുവിൽ അട്ടയോലി മലയിൽ നിന്ന് വയലാമണ്ണിൽ ജോണികുട്ടിയുടെ വളർത്തുനായയെയാണ് കടുവ പിടിച്ചത്. ജോണിക്കുട്ടി ഓടിയെത്തി ശബ്ദമുണ്ടാക്കിയതു കൊണ്ടു മാത്രമാണ് വന്യജീവി ഇരയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
40 വർഷം മുന്പാണ് ജോണിക്കുട്ടിയും ഭാര്യ തങ്കമ്മയും അട്ടയോലി മലയിൽ എത്തുന്നത്. 15 കർഷക കുടുംബങ്ങൾ അന്ന് അട്ടയോലി മലയിൽ താമസക്കാരായി ഉണ്ടായിരന്നു. അന്നത്തെ സഞ്ചാരമാർഗം നടവഴി മാത്രമായിരുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ ആദ്യത്തെ കരിങ്കൽ ക്രഷറും വന്യമൃഗങ്ങളും ജീവിതത്തിന് തടസം നിന്നതോടെ പലരും പതിയെ സ്ഥലം ഉപേക്ഷിച്ച് മലയിറങ്ങി. ഭൂമാഫിയ കർഷക ഭൂമികൾ ചെറിയ വിലയ്ക്ക് വാങ്ങിച്ച് കടന്നുകയറി. വരുമാനമുള്ള സ്ഥലം മാഫിയ പറയുന്നവിലയ്ക്ക് വിറ്റാൽ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിൽ കുറച്ചുകുടുംബങ്ങൾ മലമുകളിൽ തന്നെ താമസിച്ചു.
വൈദ്യുതി ഉണ്ടെന്നതല്ലാതെ യാതൊരു വികസനവും എത്തിനോക്കാത്ത പ്രദേശമാണിത്. 15 കുടുംബങ്ങളിൽ ഇന്ന് അവശേഷിക്കുന്നത് കൊന്നയാവിൽ സദാനന്ദൻ, പുത്തൻപുര രവി, പിച്ചാത്തികല്ലുങ്കൽ ചന്ദ്രൻ, പിച്ചാത്തികല്ലുങ്കൽ അനി എന്നീ നാലുപേരുടെ കുടുംബങ്ങൾ മാത്രം. ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഒന്നുമില്ലെങ്കിലും എങ്ങിനെയിക്കിലും സ്ഥലം വിറ്റ് താഴേക്ക് ഇറങ്ങണമെന്ന് ആഗ്രഹിച്ചാലും വില ലഭിക്കുന്നില്ലെന്നതും വാങ്ങാൻ ആളില്ലാത്തതും ഇവരെ വലയ്ക്കുന്നുണ്ട്.
കളിത്തട്ടുംപാറ
മുപ്പത്തിയഞ്ചിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന കളിത്തട്ടുംപാറയിൽ ഇന്ന് അവശേഷിക്കുന്നത് 15 കുടുംബങ്ങൾ. ഭൂമാഫിയയുടെ കടന്നുകയറ്റത്തിൽ എല്ലാവരും ഉള്ളതെല്ലാം വിറ്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറി. ഈ മേഖലയിലെ വന്യമൃഗങ്ങളുടെ കണക്കെടുത്താൽ താമസക്കാരേക്കാൾ കൂടുതലാണ്.
കളിത്തട്ടുംപാറയിലെ കുന്നേൽ ജോർജിന്റെ നായയെ കഴിഞ്ഞ ദിവസമാണ് കടുവ പിടിച്ചത്. അദ്ഭുതകരമായി രക്ഷപ്പെട്ട നായയെ 10,000 രൂപയിൽ അധികം ചെലവഴിച്ച് ചികിത്സ നൽകിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. സമീപത്തെ കാടുകയറി കിടക്കുന്ന സ്ഥലങ്ങൾ തെളിക്കാൻ വരെ ഉടമസ്ഥർ തയാറാകുന്നില്ലെന്നതാണ് താമസക്കാരുടെ പരാതി.
കശുവണ്ടി സീസൺ ആയെങ്കിലും വന്യമൃഗഭീതി കാരണം വിളവെടുക്കാനാകുന്നുമില്ല. വന്യമഗങ്ങൾ പിടിച്ച കാട്ടുപന്നിയുടെയും മുള്ളൻപന്നിയുടെയും എല്ലുകളും അവശിഷ്ടങ്ങളും പലയിടത്തും കാണാം. ഭയം കാരണം വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ഇവിടുത്തുകാർ പറയുന്നു. ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടാണ് മറ്റുള്ളവരെ പോലെ സ്ഥലം ഉപേക്ഷിച്ച് മലമുകളിൽ നിന്നും ഇറങ്ങാതെ ഒറ്റപ്പെട്ട് കഴിയുന്നതെന്നാണ് ഇവർ പറയുന്നത് .
സ്വയംരക്ഷാ മാർഗങ്ങൾ
വീടുകളിൽ സ്വയംരക്ഷാ മാർഗങ്ങളാണ് ഇവർ ഒരുക്കിയിരിക്കുന്നത്. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന വാഹനത്തിന്റെ ഹോൺ മുഴക്കിയുമാണ് വന്യമൃഗങ്ങളെ തുരത്താൻ ശ്രമിക്കുന്നത്. വർഷങ്ങളായി അധ്വാനിച്ച് വളർത്തിയെടുത്ത ആദായമെല്ലാം നശിച്ചുപോകും എന്നറിയുന്നതോടെ മനസ് വീണ്ടും കുന്നിന്റെ മുകളിൽ തന്നെ തളച്ചിടപ്പെടുകയാണ്. കുന്നേൽ ജോർജിന്റെ വീട്ടിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹോൺ പിടിപ്പിച്ചിരിക്കുകയാണ്. വന്യമൃഗം ഇറങ്ങിയെന്ന് സംശയം തോന്നിയാൽ ഹോൺ ഓണാക്കി മറ്റുള്ളവരെ അറിയിക്കുകയും വന്യമൃഗത്തെ ഓടിക്കുകയും ചെയ്യും.
വയലാമണ്ണിൽ ജോണിയാകട്ടെ മരത്തിന്റെ മുകളിൽ കെട്ടിയിട്ടിരിക്കുന്ന സ്റ്റീൽ പാത്രങ്ങങ്ങൾ പരസ്പരം കൂട്ടിയിടിച്ച് ശബ്ദം ഉണ്ടാക്കി വന്യമൃഗങ്ങളെ തുരത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മാസങ്ങളായി തുടർച്ചയായി പുലിയുടെ മുരൾച്ച കേട്ടുകൊണ്ടാണ് ഇവർ ഉറക്കം ഉണരുന്നത്.
ആനകളുടെ ശല്യം ഉണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല, കടുവ ,പുലി എന്നിവയാണ് ഇവിടെ ഭീഷണി ഉയർത്തുന്നത്. ഏക്കർ കണക്കിന് വരുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അടിക്കാടുകൾ വെട്ടി മാറ്റിയാൽ തന്നെ വന്യമൃഗങ്ങൾ ഇറങ്ങില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത് .
വീടിനു ചുറ്റും കടുവ തിന്നിട്ട ജീവികളുടെ അസ്ഥികൾ
"ഭർത്താവ് മരിച്ചിട്ടും തനിച്ച് മലമുകളിൽ തന്നെ കഴിയേണ്ടി വന്നത് ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടാണ്. വന്യമൃഗങ്ങളെ ഭയന്ന് ആകെയുള്ള വരുമാനമാർഗമായ കശുവണ്ടി പോലും ശേഖരിക്കാൻ കഴിയുന്നില്ല . വീടിന് ചുറ്റും കടുവ പിടിച്ചു കൊന്നുതിന്ന ജീവികളുടെ എല്ലുകളും അസ്ഥികൂടവും കണ്ട് ഭയന്നാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്' .
ഇന്ന് പട്ടിയെ പിടിച്ചു, നാളെ മനുഷ്യനാകാം
"ഇന്ന് പട്ടിയെ പിടിച്ചു. നാളെ ആടിനെയും പശുവിനെയും പിടിക്കും. പിന്നെ മനുഷ്യനെയും അക്രമിച്ചേക്കാ. അപ്പോൾ വിലപിച്ചിട്ട് കാര്യമില്ല. കർഷകർ ഒന്നായി പ്രതിഷേധിച്ചാൽ മാത്രമേ പ്രശ്ങ്ങൾക്ക് തീരുമാനം ആവുകയുള്ളൂ. ആളൊഴിഞ്ഞ പറമ്പുകളിൽ കാടുകൾ വെട്ടിത്തെളിച്ചാൽ ഈ മേഖലയിൽ നിന്ന് വന്യമൃഗങ്ങൾ തനിയെ പിന്മാറും. അതിനുവേണ്ടി ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. '