ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ഭീഷണി: പ്രാദേശിക കമ്മിറ്റിയുടെ അവലോകന യോഗം ചേർന്നു
1533040
Saturday, March 15, 2025 1:57 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട് വെട്ടിത്തെളിക്കൽ പ്രവൃത്തികളും ആന തുരത്തൽ ദൗത്യവും 17 മുതൽ പുനരാരംഭിക്കും. മേഖലയിലെ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും ആനയെ ഓടിക്കൽ ദൗത്യം, ആനമതിൽ നിർമാണ പുരോഗതി, സോളർ തൂക്കുവേലി നിർമാണം എന്നീ കാര്യങ്ങളിലെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശ പ്രകാരം സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രാദേശിക കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് തീരുമാനം.
കാട് വെട്ടിത്തെളിക്കൽ ടിആർഡിഎമ്മിന്റെ നേതൃത്വത്തിലും ആന തുരത്തൽ വനം വകുപ്പിന്റെ നേതൃത്വത്തിലും നടക്കും. അനർട്ട് മുഖേന നടത്തുന്ന സോളർ തൂക്കുവേലി പ്രവൃത്തി ഉടൻ ആരംഭിക്കും. രാത്രികാലങ്ങളിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ സ്ഥിര സാന്നിധ്യം ഉറപ്പു വരുത്തും. ആന മതിൽ നിർമാണവുമായി ബന്ധപ്പെട്ടു പുതുതായി മരം മുറിച്ചു നീക്കിയ 1.167 കിലോമീറ്റർ മുതൽ 5,070 കീലോമീറ്റർ വരെയുള്ള ഭാഗം ഒഴിച്ചു ആന മതിൽ നിർമാണം ഏപ്രിൽ 30 നകം പൂർത്തീകരിക്കാനും യോഗം നിർദേശിച്ചു.