എടൂർ മേഖലയിൽ റബർ ഷീറ്റ് മോഷണം വ്യാപകം
1533999
Tuesday, March 18, 2025 1:22 AM IST
ഇരിട്ടി: എടൂർ തോട്ടം ചീങ്ങാകുണ്ടം മേഖലയിൽ റബർ ഷീറ്റ് മോഷ്ടാവിന്റെ വിളയാട്ടം. പാതിരാത്രി സ്കൂട്ടറിൽ എത്തുന്നയാൾ വീടുകളിൽ ഉണങ്ങാനിട്ട ഷീറ്റുകളും ഒട്ടുപാലുമാണ് കവരുന്നത്. ഷീറ്റ് ഉറ ഒഴിക്കുന്ന പുതിയ ഡിഷും മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ മാസം 23ന് ആയിരുന്നു ആദ്യമോഷണം. പ്ലാത്തോട്ടത്തിൽ ടോമിയുടെ 15 കിലോയോളം ഓട്ടുപാലും ചീങ്ങാകുണ്ടത്തെ സുനിലിന്റെ വീട്ടിൽ നിന്നും 50 ഷീറ്റുകളും കവർന്നു. മൂന്നു ദിവസത്തിനു ശേഷം പുല്ലംകന്നാപ്പള്ളി അച്ചാമ്മയുടെ 45 ഷീറ്റും ഇലവുങ്കൽ ബേബിയുടെ 10 ഷീറ്റും മോഷണം പോയി.
പരാതിയെ തുടർന്ന് ഇരിട്ടി പോലീസ് പട്രോളിംഗ് ശക്തമാക്കിയോടെ കുറിച്ചു ദിവസത്തേക്ക് മോഷണം നടന്നില്ലെങ്കിലും കഴിഞ്ഞ ദിവസം മോഷ്ടാവ് വീണ്ടും രംഗത്തെത്തി. ഇത്തവണ പുല്ലാംകന്നാപള്ളിൽ മാമച്ചന്റെ വീട്ടിൽ നിന്നുമാണ് ഷീറ്റുകൾ കവർന്നത്. ഇവിടെ നിന്ന് നാലു ഷീറ്റുകളാണ് നഷ്ടപ്പെട്ടത്. കളമുണ്ടമേക്കാട്ട് ബിജു, ഞറളംകുളം കുഞ്ഞ് എന്നിവരുടെ വീട്ടുമുറ്റത്ത് വരെ മോഷ്ടാവ് എത്തിയിരുന്നു.
പരീക്ഷക്ക് പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥി റോഡരികിൽ മതിലിനോട് ചേർന്ന് ഒരാൾ സ്കൂട്ടർ നിർത്തി മുറ്റത്തേക്ക് വരുന്നത് കണ്ടതോടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് സ്കൂട്ടറുമായി രക്ഷപ്പെട്ടു. പോലീസ് അടിയന്തരമായി ഇടപെട്ട് മോഷ്ടാവിനെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.