സഹനം നമ്മെ ശക്തിപ്പെടുത്തും: മാർ ജോസഫ് പാംപ്ലാനി
1533688
Monday, March 17, 2025 1:07 AM IST
ചെന്പേരി: പരിശുദ്ധാത്മാവ് പഠിപ്പിച്ചുതന്ന സഹനത്തിന്റെ അർഥം ശരിയായ രീതിയിൽ മനസിലാക്കിയാൽ അത് നമ്മെ എല്ലാതരത്തിലും ശക്തിപ്പെടുത്തുമെന്നും മരണത്തെ പോലും ഭയക്കാതെ മുന്നേറാൻ പ്രാപ്തമാക്കുമെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ചെന്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടന്നു വന്ന തലശേരി അതിരൂപത കൃപാഭിഷേകം ബൈബിൾ കൺവൻഷനിൽ സമാപന സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
പരിശുദ്ധാത്മാവ് ഉള്ളിൽ നിറഞ്ഞാൽ ഒരിക്കലും മടുപ്പുണ്ടാകില്ല. തങ്ങളുടെ കർമപഥങ്ങളെ അത് കൂടുതൽ സജീവമാക്കും. ഉദ്ധിതനായ ഈശോയുടെ ദൃശാവിഷ്കാരമാണ് പന്തക്കുസ്ത തിരുനാൾ. ഉദ്ധിതനായ യേശുവിന് സാക്ഷ്യം വഹിക്കുന്നതിന് നമ്മെ ശക്തരാക്കുന്നത് പരിശുദ്ധാത്മാവാണ്.
സഭ ഇന്ന് പല വെല്ലുവിളികളും നേരിടുന്നുണ്ട്. ഇത് ഇന്നത്തെ മാത്രം കാര്യമല്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും.
എല്ലാ കാലവും സഭ എതിർപ്പുകൾ നേരിടുകയും തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. യഹൂദന്മാർക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും യേശുവിന്റെ ശിഷ്യന്മാരെ അവർ വേട്ടയാടി. ഗുരുവിനോടുള്ള വിരോധം ശിഷ്യരിലേക്കും പടർന്നതാണിത്. ഒരാളിൽ നന്മയ്ക്കു പകരം തിന്മ കടന്നുവരുന്പോഴാണ് മറ്റുള്ളവരോട് വൈരാഗ്യ മനോഭാവം ഉണ്ടാകുന്നത്. ഓരോ മനുഷ്യരിലും ദൈവം തന്റെ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.
എന്നാൽ പിശാചിന്റെ സാന്നിധ്യം ദൈവത്തിന്റെ പദ്ധതികളെ തകിടം മറിക്കുന്നു. അതുകൊണ്ടുതന്നെ പിശാചിന് ഇടംകൊടുക്കരുത്. ലഹരിവസ്തുക്കൾ പൈശാചിക ശക്തികളാണ്. ലഹരി ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും തകർക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള പൈശാചിക ശക്തികൾക്കും ഇടംകൊടുക്കാതെ നാം ദൈവാത്മാവിനെ ഉൾക്കൊണ്ട് ദൈവത്തിന്റെ പദ്ധതികൾ പൂർത്തീകരിക്കാനുള്ള ആത്മസമർപ്പണത്തിന് സന്നദ്ധരാകണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ ആരംഭിച്ച ബൈബിൾ കൺവൻഷന്റെ സമാപന ദിനമായ ഇന്നലെ രാവിലെ ഏഴു മുതൽ സ്പിരിച്വൽ ഷെയറിംഗും കൗൺസിലിംഗും നടന്നു. സമാപന ദിവസം ആയിരങ്ങൾ കൺവൻഷനിൽ പങ്കെടുക്കാനെത്തിയിരുന്നു.