വായാട്ടുപറമ്പ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമത്തിരുനാളും ഊട്ടുനേർച്ചയും
1534005
Tuesday, March 18, 2025 1:22 AM IST
വായാട്ടുപറമ്പ്: വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ മലബാറിലെ കുടിയേറ്റക്കാർക്കായി സ്ഥാപിതമായ ആദ്യപള്ളിയായ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമത്തിരുനാളിനു തുടക്കമായി. നാളെ ഊട്ടുനേർച്ചയോടെ തിരനാൾ സമാപിക്കും.
1928ൽ ആരംഭിച്ച വായാട്ടുപറമ്പ് ഇടവകയുടെ ആദ്യകാലഘട്ടത്തിൽ കോഴിക്കോട് ലത്തീൻ രൂപതയിൽനിന്നുള്ള വൈദികരായിരുന്നു പ്രദേശത്തെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ശുശ്രൂഷകൾ നിർവഹിച്ചിരുന്നത്. ഇതിന്റെ അനുസ്മരണത്തിന്റെ ഭാഗമായി ഇന്നു വൈകുന്നേരം അഞ്ചിന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ ലത്തീൻ റീത്തിലുള്ള ആഘോഷമായ വിശുദ്ധ കുർബാന നടക്കും.
തുടർന്ന് വായാട്ടുപറമ്പിലുണ്ടായിരുന്ന ആദ്യകാല പള്ളിയുടെ സ്ഥാനത്ത് ഇന്നു നിലകൊള്ളുന്ന കാപ്പേളയിൽ നൊവേന പ്രാർഥനയും പാച്ചോർ നേർച്ചയും ഉണ്ടായിരിക്കും.
നാളെ രാവിലെ 10ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം കപ്പേളയിലേക്ക് യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തുടർന്ന് നൊവേന പ്രാർഥനയും. നൊവേനക്ക് ശേഷം പാരിഷ്ഹാളിൽ ഊട്ടുനേർച്ച.
മലബാർ മേഖലയിൽ ആദ്യമായിട്ടാണ് യൗസേപ്പിതാവിന്റെ ഊട്ടുനേർച്ച, പുഷ്പവടി എഴുന്നള്ളിപ്പ്, കുടുംബങ്ങളുടെ അടിമവയ്ക്കൽ തുടങ്ങിയ തിരുക്കർമങ്ങളോടുകൂടിയ തിരുനാൾ നടക്കുന്നതെന്നും വരും വർഷങ്ങളിലും വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷം സംഘടിപ്പിക്കാനാണ് ആലോചനയെന്നും പള്ളിക്കമ്മിറ്റി അറിയിച്ചു.