ലഹരിവസ്തുക്കള്‍ മനുഷ്യനെ കാർന്നു തിന്നുന്ന മഹാ അർബുദം: ഡോ. അലക്സ് വടക്കുംതല
1533996
Tuesday, March 18, 2025 1:22 AM IST
കണ്ണൂര്‍: ലഹരി വസ്തുക്കളുടെ ഉപയോഗം ഭാവി തലമുറയെ കാര്‍ന്ന് തിന്നുന്ന മഹാഅര്ബുദമാണെന്നും ഇതില്‍ നിന്ന് വ്യക്തികളെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കണ്ണൂര്‍ ബിഷപ് അലക്സ് വടക്കുംതല. വർധിച്ചു വരുന്ന ലഹരി ഉപയോഗം മൂലം ജനങ്ങളുടെ സ്വസ്ഥമായ ജീവിത ത്തിന് ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ ഈ വിപത്തിനെതിരേ കൈ കോര്‍ത്തു പോകാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാന്നെന്നു അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ രൂപത അജപാലന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കണ്ണൂർ ബിഷപ്. രൂപതയിലെ എല്ലാ ഇടവകകളിലും മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരേ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.
സമിതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ രൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ കയ്റോസ്, യുവജന കമ്മീഷന് എന്നിവരെ ചുമതലപ്പെടുത്തി. ചർച്ചയിൽ രൂപത വികാരി ജനറാള്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, പാസ്റ്റല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഷിറോണ്‍ ആന്റണി, ഷിബു ഫെര്‍ണാണ്ടസ്, സിസ്റ്റര്‍ ധന്യ യുഎംഐ, വൈദികർ, വിവിധ സംഘടനകളിലെ അല്മായ നേതാക്കന്മാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.