ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും പരിഷ്കാരങ്ങളുമായി ഗതാഗതവകുപ്പ്
1533691
Monday, March 17, 2025 1:07 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും പരിഷ്കാരങ്ങൾ വരുത്തി ഗതാഗതവകുപ്പ്. ലേണേഴ്സെടുത്ത് ആറുമാസത്തിനകം ഡ്രൈവിംഗ് ടെസ്റ്റ് പാസായില്ലെങ്കിൽ ലേണേഴ്സ് ലൈസൻസ് പുതുക്കണം.
ഇതിന് അപേക്ഷിക്കുന്പോൾ കണ്ണ് സർട്ടിഫിക്കറ്റിനു കാലാവധി ആറുമാസമെന്ന് പറഞ്ഞ് പുതിയ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതായി വന്നിരുന്നു. എന്നാൽ, ഇനി അത് വേണ്ടെന്നും ആദ്യത്തെ സർട്ടിഫിക്കറ്റ് മതിയെന്നുമാണ് നിർദേശം.
കൂടാതെ ലേണേഴ്സ് പുതുക്കുന്പോൾ 30 ദിവസം കഴിഞ്ഞു മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് തീയതി കിട്ടുമായിരുന്നുള്ളൂ. എന്നാൽ, ഇനിമുതൽ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ തന്നെ പുതിയതിന് അപേക്ഷിക്കാൻ അവസരം നൽകും.
ഉടൻ തന്നെ ഡ്രൈവിംഗ് ടെസ്റ്റിന് തീയതി എടുക്കാനുള്ള തരത്തിൽ സോഫ്റ്റ്വേറിൽ മാറ്റം വരുത്താനും ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ് അന്നുതന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനും നിർദേശമുണ്ട്. രണ്ട് എംവിഐമാരും രണ്ടു എഎംവിഐമാരും മാത്രമുള്ള ഓഫീസുകളിൽ ഒരു എംവിഐയേയും ഒരു എഎംവിഐയേയും ഡ്രൈവിംഗ് ടെസ്റ്റും മറ്റു രണ്ടുപേർ ഫിറ്റ്നസ് ടെസ്റ്റും നടത്തേണ്ടതാണ്.
ഡ്രൈവിംഗ് ടെസ്റ്റിനുശേഷം എല്ലാദിവസവും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും നടത്തേണ്ടതാണ്. ഒരു എംവിഐയും ഒരു എഎംവിഐയും മാത്രമുള്ള ഓഫീസുകളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. ബുധനും പൊതു അവധിയല്ലാത്ത ശനിയാഴ്ചയും ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം.
40 പേർക്കുള്ള ടെസ്റ്റിൽ 25 പുതിയ അപേക്ഷകർക്കു പുറമെ 10 റീടെസ്റ്റ് അപേക്ഷകർ, വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങൾക്കു പോകേണ്ടവർക്കും വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും കുറച്ചുദിവസത്തെ അവധിക്കു നാട്ടിൽ വന്നവർക്കും പരിഗണന നല്കി ബാച്ചിൽ അഞ്ചുപേർ എന്ന നിലയിൽ വിന്യസിക്കേണ്ടതാണ്. ഈ വിഭാഗത്തിൽ അപേക്ഷകൾ ഇല്ലെങ്കിൽ റീടെസ്റ്റ് ലിസ്റ്റിലുള്ള അഞ്ചു പേരുടെ അപേക്ഷകൾ സീനിയോറിറ്റി പരിഗണിച്ചു നടത്തണമെന്നും പറയുന്നുണ്ട്.