ഭൂമിയുടെ കണക്കെടുപ്പ് തുടങ്ങി
1533995
Tuesday, March 18, 2025 1:22 AM IST
ഇരിട്ടി: വയനാട്-കരിന്തളം 400 കെവി ലൈൻ നഷ്ടപരിഹാരം പാക്കേജ് നിർണയിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ കെഎസ്ഇബി അധികൃതകർ ഭൂമിയുടെ കണക്കെടുപ്പ് തുടങ്ങി. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും കർമ്മ സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നത തല യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായാണ് കണക്കെടുപ്പ് തുടങ്ങിയത്. കർഷകരുടെ യഥാർത്ഥ നഷ്ടം കണക്കാക്കുന്നതിന് ആദ്യഘട്ടത്തിൽ കർഷകരെ നേരിൽ കണ്ട് സർവേ നടത്തിന്നതിനുള്ള അനുമതി പത്രം വാങ്ങിയതിന് ശേഷമാണ് സർവേ നടപടികൾ ആരംഭിച്ചത്.
ആറളം പഞ്ചായത്തിൽ നിന്ന് അയ്യൻകുന്ന് പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന ചെമ്പോത്തനാടി തോമസ്, പാരിക്കാപ്പള്ളിൽ ജോസഫ് എന്നിവരുടെ സ്ഥലങ്ങളിലാണ് ആദ്യം സർവേ നടത്തിയത്.
ഭൂമിയുടെ സർവേ പൂർത്തിയായ ശേഷം ലൈൻ കടന്നുപോകുന്ന 40 മീറ്റർ വീതിയിലുള്ള സ്ഥലത്തെ മുറിച്ചുമാറ്റേണ്ട മരങ്ങൾ അടയാളപ്പെടുത്തും. ഇതിന് ശേഷം ഭൂ ഉടമക്ക് മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്കും അവയ്ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകയും അടങ്ങുന്ന കണക്ക് കൈമാറും.
കൃഷി സംബന്ധിച്ച കണക്കെടുപ്പുകളാണ് ആദ്യം പൂർത്തിയാക്കുക. കൃഷിഭൂമിയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ മരം മുറിച്ചുമാറ്റാൻ ഉൾപ്പെടെയുള്ള നടപടികൾക്ക് കർഷകർ അനുവദിക്കുകയുള്ളൂ. നാലുമാസം കൊണ്ട് സർവേ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അയ്യങ്കുന്നിലെ വെമ്പുഴച്ചാൽ ഭാഗത്ത് ഇന്നലെ രാവിലെ ആരംഭിച്ച സർവേ നടപടികൾ ടവർ ലൊക്കേഷൻ മാർക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ വൈകുന്നേരം മൂന്നോടെയാണ് ആരംഭിച്ചത്.
ലൈൻ കടന്നു പോകുന്ന125 കിലോമീറ്ററിൽ 40 തോളം മീറ്ററിൽ വരുന്ന ഭൂമിയുടെ വിലയും അവയിലെ കൃഷിയുടെ വിലയും സർവേ നടത്തി കണ്ടെത്തണം. കെ എസ് ഇ ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ രണ്ട് വിഭാഗമായിട്ടാണ് സർവേ നടത്തുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ ,ആറളം, അയ്യൻകുന്ന്,പായം, ഉളികകൽ, പയ്യവൂർ, ഉദയഗിരി, ആലക്കോട്, പെരിങ്ങോം, ചെറുപുഴ തുടങ്ങിയ പഞ്ചായത്തുകളിലൂടെയാണ് ലൈൻ കടന്നു പോകുന്നത്.
കർമ സമതി പ്രസിഡന്റ് തോമസ് വർഗീസ്, എക്സിക്യൂട്ടീവ് എൻജിനിയർ ട്രാൻസ്ഗ്രിഡ് കണ്ണൂർ കൃഷ്ണേന്ദു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഷഹീന ഷാഹുൽ, അസിസ്റ്റന്റ് എൻജിനിയർ നീലം ചന്ദ്രൻ, സബ് എൻജിനിയർമാരായ ഷൈബു, ശ്രീജിത്ത്, സുഗിൽ അനുരാഗ് എന്നവർ നേതൃത്വം നൽകി.