സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു
1533690
Monday, March 17, 2025 1:07 AM IST
അനുമോൾ ജോയ്
കണ്ണൂർ: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ 1.17 ലക്ഷം കുട്ടികളുടെ കുറവ്. 2024-25 വർഷത്തെ കണക്കുകൾ പ്രകാരം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതൽ 10 വരെ ക്ലാസിലായി 36,43,642 വിദ്യാർഥികളാണുള്ളത്. ഇതിൽ 11,60,609 വിദ്യാർഥികൾ സർക്കാർ മേഖലയിലും 21,27,066 വിദ്യാർഥികൾ എയ്ഡഡ്, 3,55,967 വിദ്യാർഥികൾ അൺഎയ്ഡഡ് മേഖലയിലുമാണ്. 2023-24 വർഷത്തിൽ 37,46,647 വിദ്യാർഥികളായിരുന്നു ഉണ്ടായിരുന്നു.
കണക്കുകൾ പ്രകാരം ഈ അധ്യയന വർഷം 1,17,049 കുട്ടികളുടെ കുറവാണുള്ളത്. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളുടെ കുറവുണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയിരിക്കുന്നത് എട്ട് (15,596), അഞ്ച് (11,523) ക്ലാസുകളിലാണ്. കോവിഡിന് ശേഷം പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. ജനനനിരക്കിൽ ഉണ്ടായ കുറവാണ് കുട്ടികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
അധ്യാപക തസ്തിക
കുറയും
കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുന്നത് മൂലം അധ്യാപകരുടെ എണ്ണത്തിലും കുറവുണ്ടാകാൻ സാധ്യതയേറെയാണ്. എൽപി വിഭാഗത്തിൽ 1:30, യുപി വിഭാഗത്തിൽ 1:35, എച്ച് എസ് വിഭാഗത്തിൽ 1:45 എന്ന കണക്കിലാണ് അധ്യാപക- വിദ്യാർഥി അനുപാതം. ഈ അനുപാതത്തിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുവരുകയാണെങ്കിൽ അധ്യാപക തസ്തിക കുറയും. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞാൽ നിയമനം കാത്തിരിക്കുന്ന ഒരുപാട് പേർക്ക് തിരിച്ചടിയാകും.
സമഗ്ര ഗുണമേന്മ
വിദ്യാഭ്യാസ പദ്ധതി
പൊതു വിദ്യാലയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് സമഗ്ര ഗുണമേന്മവിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നത്. ജനകീയ വിദ്യാഭ്യാസ കാന്പയിൻ, കുട്ടികൾക്ക് നേടേണ്ട പഠന ശേഷി നേടിന്നുവെന്ന് ഉറപ്പുവരുത്തൽ, മൂല്യ നിർണയ രീതിശാസ്ത്രം കാര്യക്ഷമമാക്കുക, അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, സാങ്കേതിക വിദ്യാസൗഹൃദ വിദ്യാഭ്യസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പരിശീലന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, എസ്സി, എസ്ടി, ഭിന്നശേഷി കുട്ടികൾ എന്നിവർക്ക് പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. കഴിഞ്ഞ മാസം പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പ്രവർത്തനങ്ങൾ അധ്യയന വർഷം ആരംഭിക്കാനാകുന്പോഴേക്കാകും തുടങ്ങുകയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.