മോഷണക്കുറ്റം ആരോപിച്ച് പതിനേഴുകാരന് മർദനം: പ്രതികൾക്ക് തടവും പിഴയും
1533533
Sunday, March 16, 2025 6:22 AM IST
തലശേരി: മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ കടമുറിയിൽ അടച്ചുപൂട്ടുകയും ശാരീകമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതികൾക്ക് വിവിധ വകുപ്പുകളിൽ ഒരു വർഷം തടവും 2000 രൂപ വീതം പിഴയും.
കേസിൽ ഒന്നും രണ്ടും പ്രതികളായ രാമന്തളി പാലക്കോട് പുതിയവളപ്പിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞി (65), രാമന്തളി പാലക്കോട് എ.കെ. മൂസാൻ (55) എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 ദിവസം വീതം അധിക തടവ് അനുഭവിക്കണം. കേസിലെ മൂന്നാം പ്രതി മുഹമ്മദ് അസ്ലമിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചു.
2015 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയുടെ കടയിൽ ജോലി ചെയ്യുകയായിരുന്ന കുട്ടിയെയാണ് മോഷണക്കുറ്റം ആരോപിച്ച് കടമുറിയിൽ പൂട്ടിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത്. ഇതിന്റെ മനോവിഷമത്തിൽ 17കാരൻ മുറിക്കകത്ത് കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയെ അന്യായമായി തടങ്കലിൽ വച്ചതിനും ദേഹോപദ്രവമേൽപ്പിച്ചതിനുമാണ് വ്യത്യസ്ത വകുപ്പുകളിലായി പ്രതികളെ ശിക്ഷിച്ചത്.
പ്രതികളുടെ പേരിലുള്ള ആത്മഹത്യപ്രേരണാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. മോഷണ മുതൽ കണ്ടെടുക്കണമെന്ന് പറഞ്ഞ് കുട്ടിയെ കോഴിക്കോട് നടക്കാവിൽ എത്തിക്കുകയും അവിടെ വച്ച് ഭീഷണിപ്പെടുത്തി ദേഹോപദ്രവം നടത്തുകയും തിരികെ രാമന്തളിയിലെത്തി കുട്ടിയെ അന്യായ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു. പയ്യന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന പി. കെ. മണിയാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ. ജയറാംദാസ് ഹാജരായി.