പയ്യാവൂർ മേഖലയിലെ കാട്ടാനകളെ തുരത്തൽ ശ്രമം ഇന്നാരംഭിക്കും
1533696
Monday, March 17, 2025 1:07 AM IST
ചന്ദനക്കാംപാറ: പയ്യാവൂർ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ തന്പടിച്ച നാലു കാട്ടാനകളെ ഇനിയും കാടു കയറ്റാനായില്ല. കഴിഞ്ഞ ദിവസവും കാട്ടാനകൾ ചന്ദനക്കാംപാറ, ആടാംപാറ, ഏലപ്പാറ എന്നിവിടങ്ങളിൽ എത്തിയിരുന്നു. ആടാംപാറത്തട്ടിൽ ഉണ്ടായിരുന്ന നാല് ആനകളെ പടക്കം പൊട്ടിച്ച് കാടു കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ കൂട്ടംതെറ്റി നാട്ടിൽ എത്തിയ ഒറ്റയാൻ പരിഭ്രാന്തി പരത്തുകയാണ്.
ആറളത്ത് കാട്ടാന പ്രശ്നം ഉള്ളത് കൊണ്ട് പാടാംകവലയിലെ വനംവകുപ്പ് സംഘം അവിടെയും ഇവിടെയുമായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് ആർആർടിക്ക് ഇവിടെ എത്തി കാട്ടാന ദൗത്യത്തിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥ കാരണം കാസർഗോഡ് നിന്ന് ആർആർടിയെ എത്തിച്ച് ആനകളെ കാടുകയറ്റാനുള്ള ശ്രമമാണ് ഇപ്പോൾ ആലോചിക്കുന്നത്.
ഇതിനായി നറുക്കും ചീത്തയിൽ വനംവകുപ്പ് സംഘത്തിന് ക്യാന്പ് ചെയ്യാൻ വീട് ഏർപ്പാടാക്കിയതായി പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു. ഇന്നു മുതൽ തുരത്തൽ നടപടികൾ ആരംഭിക്കും. നാല് ആനകളെയും തൂക്കുവേലി കടത്തിയാൽ മാത്രമേ ചന്ദനക്കാംപാറ ഭാഗത്തുള്ളവരുടെ ഭീതി ഒഴിയുകയുള്ളൂ
12ന് രാത്രി ചന്ദനക്കാംപാറ ടൗണിനു സമീപം വരെ ഈ ഒറ്റയാനെത്തിയിരുന്നു. വനംവകുപ്പിന്റെ പാടാംകവല സെക്ഷൻ ഓഫീസിലെ ജീപ്പ് ഈസമയം ആറളത്തായിരുന്നു. രാത്രി തന്നെ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ആറളത്ത് നിന്ന് ജീപ്പും വനംവകുപ്പ് ജീവനക്കാരെയും സ്ഥലത്ത് എത്തിച്ചു. വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ഏറെനേരം പണിപ്പെട്ട് പടക്കം പൊട്ടിച്ചും, ബഹളം കൂട്ടിയും ഈ ആനയെ തിരികെ ഓടിക്കുകയായിരുന്നു.
ഒന്നരമാസമായി വനമേഖലയിൽ ഒറ്റയാനും രണ്ടു പിടിയാനകളും ഒരു കുട്ടിക്കൊന്പനും കറങ്ങി നടക്കുകയാണ്. ആടാംപാറ, ചന്ദനക്കാംപാറ, ഏലപ്പാറ, പാടാംകവല, മതിലേരിത്തട്ട്, ചീത്തപ്പാറ, കന്മദപ്പാറ, ചാപ്പകടവ്, മാവുംതോട് ഭാഗത്തുള്ളവർ കടുത്ത ഭീതിയിലാണ് കഴിയുന്നത്.
ആടാംപാറ പള്ളിക്ക് സമീപത്തും പാടാംകവല പള്ളിക്ക് സമീപത്തും നേരത്തെ കാട്ടാനകൾ എത്തിയിരുന്നു.