ആറളത്ത് കാട്ടാന വാഷ് കുടിച്ചു ബാരൽ നശിപ്പിച്ചു
1533998
Tuesday, March 18, 2025 1:22 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ വ്യാജമദ്യം നിർമാണത്തിനായി സൂക്ഷിച്ച വാഷ് കാട്ടാന കുടിച്ച ശേഷം ബാരൽ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് ഏഴിൽ താമസക്കാരെത്താത്ത കാടുപിടിച്ച സ്ഥലത്താണ് 200 ലിറ്റർ ശേഷിയുള്ള ബാരൽ തകർത്ത നിലയിൽ കണ്ടെത്തി യത്. ബാരലിൽ കുടിച്ചതിന്റെ ബാക്കി വാഷും കണ്ടെത്തി.
ഓടൻതോട് ബ്ലോക്ക് ഏഴിൽ താളിപ്പാറ റോഡിൽ 500 മീറ്ററോളം മാറി ഇന്നലെ പുലർച്ചെ 2.30 ന് വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘമാണ് സംഭവം കാണുന്നത്. ആന വെള്ളം കുടിക്കുന്നതു പോലുള്ള ശബ്ദം കേട്ടാണ് അധികൃതർ ശ്രദ്ധിച്ചത്. ആന എന്തോ ചവിട്ടിപ്പൊളിക്കുന്നശബ്ദവും കേട്ടിരുന്നു. താമസക്കാർ ഇല്ലാത്തതിനാൽ വനപാലകർ രാവിലെയാണ് സംഭവം സ്ഥലത്ത് പോയി നോക്കിയത്.
അപ്പോഴാണ് ആന ബാരലിൽ സൂക്ഷിച്ച വാഷ് കുടിച്ച ശേഷം പാത്രം തകർത്തതായി കണ്ടെത്തിയത്.
വ്യാവസായിക അടിസ്ഥാനത്തിൽ വ്യാജമദ്യ നിർമാണം ലക്ഷ്യമിട്ടുള്ള സംഘമാണു സംഭവത്തിനു പിന്നിലെന്ന സംശയം ഉയർന്നിട്ടുണ്ട്. എക്സൈസ് സംഘവും സ്ഥലത്ത് എത്തിപരിശോധന നടത്തി.