അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് 25.88 ലക്ഷം പിടികൂടി
1533694
Monday, March 17, 2025 1:07 AM IST
മഞ്ചേശ്വരം: അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് 25,88,000 രൂപ പിടികൂടി. ശനിയാഴ്ച രാത്രി 11.30ഓടെ മഞ്ചേശ്വരം ദേശീയ പാതയിലാണ് സംഭവം. മംഗളൂരു ഹൊസങ്കടി ഭാഗത്തേക്ക് പഴങ്ങളുടെ ലോഡുമായി വരികയായിരുന്ന കാറും എതിരെ വന്ന മറ്റൊരു കാറും മഞ്ചേശ്വരത്ത് കൂട്ടിയിടിക്കുകയായിരുന്നു.
ഇരുകാറുകളിലും ഉണ്ടയിരുന്നവർ തമ്മില്‍ അപകടത്തെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. ഇതോടെ സ്ഥലത്തെത്തിയ ഹൈവേ പോലീസ് പഴങ്ങളുടെ ലോഡ് ഉണ്ടായിരുന്ന കാറില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന കാസര്‍ഗോഡ് കമ്പാര്‍ സ്വദേശിയേയും ഹൊസബട്ടു സ്വദേശിയേയും മഞ്ചേശ്വരം പോലീസിനു കൈമാറി.
പണവും കാറും മഞ്ചേശ്വരം പോലീസിന്റെ കസ്റ്റഡിയിലാണ്. കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് നോട്ടീസ് നല്കി വിട്ടയച്ചതായി പോലീസ് പറഞ്ഞു.