കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയോര ജാഥ തുടങ്ങി
1533039
Saturday, March 15, 2025 1:57 AM IST
ചെറുപുഴ: കൃഷി ഭൂമി കൃഷിക്കാർക്ക്, വനം വന്യജീവികൾക്ക് എന്ന മുദ്രാവാക്യമുയർത്തി വന്യജീവി ആക്രമണത്തിനെതിരേ കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയോര ജാഥ തുടങ്ങി. 1972ലെ കേന്ദ്ര വന്യമൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതുക, വന്യജീവി ആക്രമണങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കുക, വനംവകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുപുഴ മുതൽ കൊട്ടിയൂർ വരെയാണ് മലയോര ജാഥ സംഘടിപ്പിക്കുന്നത്. ചെറുപുഴയിൽ ജാഥയുടെ ഉദ്ഘാടനം കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ജാഥാ ക്യാപ്റ്റനായുള്ള ജാഥ തേർത്തല്ലി, കാർത്തികപുരം, ആലക്കോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കരുവഞ്ചാലിൽ സമാപിച്ചു.
ഇന്ന് രാവിലെ 10ന് ചെമ്പേരിയിൽ നിന്നാരംഭിക്കുന്ന ജാഥ ഉന്നതാധികാര സമതിയംഗം മാത്യു കുന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പയ്യാവൂർ, ഉളിക്കൽ, കിളിയന്തറ, കരിക്കോട്ടക്കരി, കീഴ്പള്ളി, കണിച്ചാർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം അഞ്ചിന് കൊട്ടിയൂരിൽ സമാപിക്കും. സമാപന സമ്മേളനം ഉന്നതാധികാര സമിതിയംഗം സജി കുറ്റ്യാനിമറ്റം ഉദ്ഘാടനം ചെയ്യും.
ഉന്നതാധികാര സമിതിയംഗങ്ങളായ ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോബിച്ചൻ മൈലാടൂർ, ജില്ലാ നേതാക്കളായ കെ.ടി. സുരേഷ്കുമാർ, വി.വി. സേവി, സി.എം. ജോർജ്, സി.ജെ. ജോൺ, ബിനു മണ്ഡപം, മാത്യു പുളിക്കക്കുന്നേൽ, മാത്യു കാരിത്താങ്കൽ, ബിനു ഇലവുങ്കൽ ഡെന്നി കാവാലം, വിപിൻ തോമസ്, ബിജു പുതുക്കള്ളി, ജയിംസ് മരുതാനിക്കാട്ട്, ഡോ. ജോസഫ് തോമസ്, അമൽ ജോയി കൊന്നക്കൽ, ജെയ്സൺ ജീരകശേരി, എ.കെ. രാജു, നോബിൻസ് ചെരിപുറം എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.