ചക്കരക്കൽ ടൗൺ വികസനം: സർവേ സംഘത്തെ വ്യാപാരികൾ തടഞ്ഞു
1533487
Sunday, March 16, 2025 5:34 AM IST
ചക്കരക്കൽ: ടൗൺ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സർവേ നടത്തി കുറ്റിയടിക്കാനെത്തിയ റവന്യു, സർവേ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞതിനെ തുടർന്ന് സംഘർഷം. സർവേ നടത്തി കുറ്റിയിടാനായി എത്തിയ റവന്യു, സർവേ ഉദ്യോഗസ്ഥരെ ഇന്നലെ രാവിലെ വ്യാപാരികളും ഭൂവുടമകളും കടയുടമകളും ചേർന്നു തടയുകയായിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് റവന്യു സർവേ സംഘം പോലീസ് സംരക്ഷണത്തോടെയായിരുന്നു സ്ഥലത്തെത്തിയത്. അശാസ്ത്രീയമായ വികസന പദ്ധതിയാണ് നടത്തുന്നെന്നതാരോപിച്ചായിരുന്നു വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്.
തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് വ്യക്തമായ പുനരധിവാസ പാക്കേജ് നടപ്പാക്കിയാൽ മാത്രമേ കുറ്റിയടിക്കാൻ സമ്മതിക്കു എന്ന നിലപാടിലായിരുന്നു വ്യാപാരികൾ.
പ്രതിഷേധം ശക്തമായതോടെ സിഐ ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വ്യാപാരി നേതാക്കളുൾപ്പടെയടുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി ചക്കരക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ ഹർത്താൽ ആചരിച്ചു. പ്രതിഷേധ പ്രകടനവും നടത്തി.