മഴ; ആന തുരത്തൽ നിർത്തിവച്ചു
1533992
Tuesday, March 18, 2025 1:22 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിന് മഴ തടസമായി. ഇന്നലെ രാവിലെ ആരംഭിച്ച ആന തുരത്തൽ ദൗത്യം ഉച്ചകഴിഞ്ഞ് മഴയെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.
കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആനയെ തുരത്തൽ.
ബ്ലോക്ക് ഏഴിലെ വയനാടൻ കാടുകളിൽ തമ്പടിച്ച രണ്ട് കൊമ്പനാനകളെ സംഘം ഉച്ചയോടെ ഹെലി പാഡ് ഭാഗത്ത് എത്തിച്ചു. അവിടെ നിന്ന് താളിപ്പറ, കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്ക് തുരത്താനായിരുന്നു പദ്ധതി . എന്നാൽ ഉച്ച കഴിഞ്ഞു പെയ്ത മഴ കാരണം ഇന്നലത്തെ ദൗത്യം ഉച്ചയോടെ നിർത്തിവയ്ക്കുകയായിരുന്നു.
40 അംഗ തുരത്തൽ സംഘത്തിൽ കണ്ണൂർ, ആറളം വന്യജീവി സങ്കേതം, കണ്ണൂർ ഫ്ലായിംഗ് സ്ക്വാർഡ്, സോഷ്യൽ ഫോറസ്റ്ററി കണ്ണൂർ എന്നിവിടങ്ങളിലെ ഫോറസ്റ്റ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും, ആറളം ഫാം ജീവനക്കാരും ദൗത്യത്തിൽ പങ്കെടുത്തു. ദൗത്യം ഇന്നും തുടരും. രാത്രി നിരീക്ഷണത്തിന് മൂന്ന് ടീമുകളുടെ പ്രത്യേക സംഘത്തിനാണ് ചുമതല .