കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിസരത്ത് മാലിന്യം തള്ളിയതിന് പിഴ ഈടാക്കി
1533708
Monday, March 17, 2025 1:07 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിൽ മാലിന്യങ്ങൾ തള്ളിയതിന് മൂന്ന് സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തിക്കുമെതിരേ നടപടി. ജില്ലാ എൻഫോഴ്സ്മെന്റാണ് മാലിന്യം തള്ളിയവരെ കണ്ടെത്തി 5,000 രൂപ വീതം പിഴ ഈടാക്കിയത്.
പരിയാരത്ത് പ്രവർത്തിച്ചു വരുന്ന നീതു മെഡിക്കൽസ്, രോഹിണി മെഡിക്കൽസ്, സോഫ്റ്റ് ഹോട്ടൽ എന്ന സ്ഥാപനങ്ങൾക്കെതിരെയും ജെകെ ഷോപ്പിംഗ് കോംപ്ലക്സ് നടത്തിപ്പുകാരനായ കെ. ഭാസ്കരൻ എന്നയാൾക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. പ്രദേശത്ത് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നിരീക്ഷണം നടത്താനുള്ള നിർദേശം സ്ക്വാഡ് ചെറുതാഴം പഞ്ചായത്തിന് നൽകി. പ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നത് തുടരുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം സി.കെ. അലൻ ബേബി, ദിബിൽ ചെറുതാഴം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.