കേരള കോൺഗ്രസ്-എം മലയോര ജാഥ സമാപിച്ചു
1533480
Sunday, March 16, 2025 5:34 AM IST
കണ്ണൂർ: മനുഷ്യരെ മറന്ന് മൃഗങ്ങളെ സംരക്ഷിക്കുന്ന1972 ലെ കേന്ദ്ര വന്യമൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും, "കൃഷി ഭൂമി കൃഷിക്കാർക്ക്, വനം വന്യജീവികൾക്ക്' എന്ന മുദ്രാവാക്യം ഉയർത്തിയും കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ നയിക്കുന്ന മലയോര ജാഥ സമാപിച്ചു. ചെറുപുഴ മുതൽ കൊട്ടിയൂർ വരെയായിരുന്നു ജാഥ.
കൊട്ടിയൂരിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം ഉദ്ഘാടനം ചെയ്തു. സംരക്ഷിത വനഭൂമിയിൽ ഖനനത്തിനും മറ്റ് വ്യവസായ സ്ഥാപനങ്ങൾക്കും അനുമതി നൽകുന്ന കേന്ദ്രം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഉതകുന്ന രീതിയിൽ നിയമത്തിൽ മാറ്റം വരുത്തില്ലെന്ന പിടിവാശി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റുകളെ സഹായിക്കാനായി വന നിയമത്തിലെ ചട്ടങ്ങൾ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ മാറ്റുകയാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുന്നത് വരെ കേരള കോൺഗ്രസ്-എം ശക്തമായ സമര രംഗത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ കരുവഞ്ചാലിൽ നിന്നാരംഭിച്ച് ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ, കിളിയന്തറ, കരിക്കോട്ടക്കരി, കീഴ്പള്ളി, കണിച്ചാർ, കേളകം എന്നിവടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് കൊട്ടിയൂരിൽ സമാപിച്ചത്.
മാത്യു കുന്നപ്പള്ളി, ജോബിച്ചൻ മൈലാടൂർ, ജോസ് ചെമ്പേരി, കെ.ടി. സുരേഷ്കുമാർ, തോമസ് മാലത്ത്, വി.വി. സേവി, സി.എം. ജോർജ്, പി.എസ്. ജോസഫ്, ജോർജ് മാത്യു, സി.ജെ. ജോൺ, ബിനു മണ്ഡപം, മാത്യു പുളിക്കക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.