മണൽ മാഫിയയുടെ ആക്രമണത്തിൽ എസ്ഐക്ക് പരിക്കേറ്റ കേസിൽ രണ്ടുപേർ അറസ്റ്റിൽ
1533532
Sunday, March 16, 2025 6:22 AM IST
പയ്യന്നൂര്‍: മണൽവേട്ടയ്ക്കെത്തിയ എസ്ഐയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. രാമന്തളി പാലക്കോട് സ്വദേശികളായ ഫവാസ് (35), മുഹമ്മദ് ഷെരീഫ് (35) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 7.45 ഓടെ കൊറ്റി റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് സംഭവം.
അനധികൃതമായി മണല്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് മേല്‍പ്പാലത്തിന് താഴെനിന്നും മണല്‍ കയറ്റി പോകുകയായിരുന്ന ഗുഡ്സ് വാഹനം പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരോട് കാര്യങ്ങള്‍ തിരക്കുന്നതിനിടയില്‍ റെയില്‍വേ സ്റ്റേഷന് ഭാഗത്തുനിന്നും ബൈക്കിലെത്തിയ ഫവാസ് എസ്ഐ ദിലീപിനെയും കൂടെയുള്ള പോലീസിനേയും തള്ളിമാറ്റി പോലീസ് പിടികൂടിയ വാഹനത്തില്‍ കയറി മൂന്നുപേരും കടന്നുകളയാന്‍ ശ്രമിച്ചു.
ഇതു തടയാനായി ശ്രമിച്ച എസ്ഐയുടെ കൈപിടിച്ച് വാഹനത്തിന്റെ ഡോറില്‍ ബലമായി ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. എസ്ഐ ദിലീപിന്റെ പരാതിയിലാണ് ഫവാസിനും മുഹമ്മദ് ഷെരീഫിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്നയാള്ക്കുമെതിരെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അക്രമിച്ചതിനുമെതിരെ കേസെടുത്തത്.
വാഹനവുമായി കടന്നുകളഞ്ഞ പ്രതികളെ പാലക്കോട്, പരിയാരം എന്നിവിടങ്ങിളിൽനിന്ന് പോലീസ് പിടികൂടി. മണൽ കടത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍പ് പഴയങ്ങാടിയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.