ഉളിയിൽ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം
1533483
Sunday, March 16, 2025 5:34 AM IST
ഇരിട്ടി: ഉളിയിൽ മേഖലയിൽ പന്നിശല്യം മൂലം കൃഷി ചെയ്യാനാവാതെ കർഷകൻ. ഉളിയിൽ അത്ത പുഞ്ചയിലെ അതുൽ നിവാസിൽ സി. കരുണന്റെ വാഴത്തോട്ടമാണ് കഴിഞ്ഞ ദിവസം കാട്ടുപന്നി വ്യാപകമായി നശിപ്പിച്ചത്. ഉളിയിൽ-നെല്യാട്ടേരി റോഡിൽ ഒരേക്കറോളം സ്ഥലത്തെ ചെറുതും വലുതുമായ നിരവധി വാഴകളാണ് നശിപ്പിച്ചത്.
കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ150 ലധികം വാഴകൾ പന്നി നശിപ്പിച്ചതായി കരുണൻ പറഞ്ഞു. സ്ഥലം പാട്ടത്തിനെടുത്ത് വയ്പ ഉൾപ്പടെ സംഘടിപ്പിച്ചാണ് കൃഷി തുടങ്ങിയത്. കൃഷിക്ക് ചുറ്റും വേലി സ്ഥാപിച്ചെങ്കിലും ഇതൊക്കെ പൊളിച്ചാണ് പന്നി കൃഷിസ്ഥലത്തെക്ക് കയറുന്നത്.
പന്നിശല്യം കാരണം ഒരു കൃഷിയും നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നും കാർഷിക വൃത്തിയിൽ നിന്ന് പിന്മാറേണ്ട അവസ്ഥയാണെന്നും കരുണൻ പറഞ്ഞു.