ഭരണഘടനാപരമായി കേരളത്തിന് ലഭിക്കേണ്ട അവകാശം കേന്ദ്രം നിഷേധിക്കുന്നു: എം.വി. ഗോവിന്ദൻ
1533994
Tuesday, March 18, 2025 1:22 AM IST
കണ്ണൂർ: ഭരണഘടനാപരമായി കേരളത്തിന് ലഭിക്കേണ്ട അവകാശം കേന്ദ്രം നിഷേധിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേന്ദ്ര ഗവൺമെന്റ് കേരളത്തോട് കാണിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ആർഎസ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് ലഭിക്കേണ്ട ആളോഹരി വരുമാനം കേന്ദ്രം പകുതിയായി കുറച്ചു. കേന്ദ്ര അവഗണനകൾക്കിടയിലും കിഫ്ബി വഴി കേരളത്തിലുണ്ടാക്കിയ മുന്നേറ്റം വളരെ വലുതാണ്. കേന്ദ്ര അവഗണനകൾക്കിടയിലും സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി കേരളം പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സിപിഎം കണ്ണൂർ ഏരിയാ സെക്രട്ടറി കെ.പി. സുധാകരൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സി.പി. സന്തോഷ് കുമാർ, പി.കെ. രവീന്ദ്രൻ, കെ. മനോജ്, മുഹമ്മദ് റാഫി, രതീഷ് ചിറക്കൽ, മുഹമ്മദ് അസ്ലം എന്നിവർ പ്രസംഗിച്ചു.