കുഞ്ഞിന് മരുന്നു മാറി നല്കിയ സംഭവം ; പോലീസ് മെഡിക്കൽ ഷോപ്പിൽ തെളിവെടുത്തു
1533991
Tuesday, March 18, 2025 1:22 AM IST
പഴയങ്ങാടി: മരുന്നു മാറി നല്കിയതിനെ തുടർന്ന് എട്ടുമാസം പ്രായമുള്ള ആൺകുട്ടിക്ക് കരൾ സംബന്ധമായ അസുഖം പിടിപ്പെട്ട സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിലെത്തി പഴയങ്ങാടി പോലീസ് മഹസർ തയാറാക്കി. ഇന്നലെ വൈകുന്നേരമാണ് പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിയിലായിരുന്ന കുട്ടിയെ രോഗത്തിന്റെ രൂക്ഷത കുറഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ മകനാണ് മരുന്നു കടയിൽ നിന്ന് മരുന്ന് മാറി നൽകിയ തിനെ തുടർന്ന് അഞ്ചു ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞത്.
പോലീസ് നടപടി ക്രമത്തിന്റെ ഭാഗമായാണ് ഇന്നലെ മെഡിക്കൽ ഷോപ്പിലെത്തി വിവരങ്ങൾ ശേഖരിച്ചത്. പഴയങ്ങാടി സ്റ്റേഷനിലെ എസ്ഐമാരായ കെ.വി. സുനീഷ്, എം.പ്രകാശൻ, എഎസ്ഐ ഇ.എഫ്.ഷാജൻ എന്നിവരുടെ നേതൃത്വത്തിലാണ് മഹസർ തയാറാക്കിയത്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ വ്യാഴാഴ്ച പരിശോധന നടത്തിയിരുന്നു.