വന്യമൃഗ ആക്രമണം പ്രതിരോധിക്കാൻ മുഴുവൻ പഞ്ചായത്തുകളും തീരുമാനമെടുക്കണം: കർഷക കോൺഗ്രസ്
1533697
Monday, March 17, 2025 1:07 AM IST
കണ്ണൂർ: വന്യമൃഗ ആക്രമണം വളരെ രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനം പോലെ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളും കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതി പഞ്ചായത്തിന് നൽകണമെന്നുള്ള തീരുമാനമെടുക്കണമെന്നും, ഗ്രാമസഭകളിൽ ഇതിനുവേണ്ട പ്രമേയം പാസാക്കണമെന്നും കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാട്ടുപന്നിയെ കൊല്ലാൻ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ അധികാരം ഒഴിവാക്കണമെന്ന് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണ സർക്കാരിനോട് ആവശ്യപ്പെട്ടതിൽ യോഗം അപലപിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണയ്ക്ക് ഇത്തരമൊരു ശിപാർശ ചെയ്യാനുള്ള അധികാരമോ അവകാശമോ ഇല്ല. വകുപ്പുമന്ത്രിയെക്കാൾ വലിയവനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ചമയണ്ട.
വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിലെ മൃഗങ്ങളെ സംരക്ഷിക്കുകയും വനം സംരക്ഷിക്കുകയും ചെയ്താൽ മതി. നാട്ടിലെ കാര്യം നോക്കാനാണ് സർക്കാരും പഞ്ചായത്ത് ഭരണസമിതിയും ഉള്ളത്. പഞ്ചായത്ത് എന്നു പറയുന്നത് ഭരണഘടനാ സ്ഥാപനമാണ്. പഞ്ചായത്ത് പ്രസിഡന്റിന് ഭരണഘടനാ പരമായ അധികാരമുണ്ട്. തന്റെ പഞ്ചായത്ത് പരിധിയിലുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഭരണഘടനാപരമായ അധികാരം അദ്ദേഹത്തിനാണെന്നും യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം.ഒ. ചന്ദ്രശേഖരൻ, എം.വി. പ്രേമരാജൻ, സി.പി. സലിം, എ.ജെ. തോമസ്, ജോൺ പതാപറമ്പിൽ, ഗോവിന്ദൻ കരയാപ്പാത്ത്, ഐ.വി. കുഞ്ഞിരാമൻ, ആർ. പ്രമോദ്. കെ.പി. കുമാരൻ എന്നിവർ പ്രസംഗിച്ചു.