കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് കാർ ഇടിച്ചു കയറി; ദമ്പതികൾക്കു പരിക്ക്
1533997
Tuesday, March 18, 2025 1:22 AM IST
കൊട്ടിയൂർ: കേളകം- കൊട്ടിയൂർ റൂട്ടിൽ കൊട്ടിയൂർ പഞ്ചായത്ത് പഴയ ഓഫീസ് കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറി അപകടം. അപകടത്തിൽ വയനാട് പുൽപ്പള്ളി സ്വദേശികളായ ദന്പതികൾക്ക് പരിക്കേറ്റു.
കിഴക്കേതുണ്ടത്തിൽ ടോമി തോമസ് (64), ഭാര്യ ലൂസി (60 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലക്കു മാറ്റി. പേരാവൂരിൽനിന്ന് പുൽപ്പള്ളിയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം.
റോഡരികിൽ കിടന്ന മരത്തടിയിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട കാർ പഞ്ചായത്ത് കെട്ടിടത്തിന്റെ മതിലും തകർ ത്താണ് കോമ്പൗണ്ടിനുള്ളിലേക്ക് കയറിയത്. കാറിനുള്ളിൽ കുരുങ്ങിയ ഇരുവരേയും പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ജെസിബി ഉപയോഗിച്ച് സ്ലാബ് മാറ്റിയ ശേഷമാണ് പുറത്തെടുത്തത്.
കാലിലും തലയ്ക്കുമാണ് ഇരുവർക്കും പരിക്കേറ്റത്. അപകടത്തെ തുടർന്ന് കേളകം പോലീസും പേരാവൂർ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.