പോലീസ് സ്റ്റേഷനുകളിൽ ഇനി സ്നേഹിത ജെൻഡർ ഹെൽപ് ഡസ്ക് സേവനം
1533705
Monday, March 17, 2025 1:07 AM IST
കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡസ്ക് സേവനം ജില്ലയിലെ ഡിവൈഎസ്പി/എസിപി ഓഫീസുകളിൽ ഇനി മുതൽ ലഭ്യമാകും. ഇതിനായി കുടുംബശ്രീ സംസ്ഥാന മിഷന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയാണ് സ്നേഹിത എക്സ്റ്റൻഷൻ സെന്റർ.
സ്നേഹിത എക്സ്റ്റൻഷൻ സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി നിർവഹിച്ചു. കണ്ണൂർ എസിപി ഓഫീസിൽ നടന്ന പരിപാടിയിൽ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് മുഖ്യാതിഥിയായി. അഡീഷണൽ എസ്പി കെ.വി.വേണുഗോപാൽ സംബന്ധിച്ചു. കുടുബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ പദ്ധതി വിശദീകരണം നടത്തി.
ഇരിട്ടി ഡിവൈഎസ്പി ഓഫീസിലെ സെന്റർ ഇരിട്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബു മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ല മിഷൻ എഡിഎംസി സി.കെ. വിജിത്ത് പദ്ധതി വിശദീകരണം നടത്തി.
പേരാവൂർ ഡിവൈഎസ്പി ഓഫീസ് സെന്റർ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎയും പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലെ സെന്റർ ടി.ഐ. മധുസൂദനൻ എംഎൽഎയും തലശേരി എസിപി ഓഫീസ് സെന്റർ ഉദ്ഘാടനം തലശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണിയും നിർവഹിച്ചു.
തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലെ സെന്റർ എം.വി. ഗോവിന്ദൻ എംഎൽഎ ഇന്ന് ഉദ്ഘാടനം ചെയ്യും. സ്നേഹിതയുടെ കൗൺസിലർ സേവനം ഇനി മുതൽ ലഭ്യമാകുന്നത് ഈ സെന്ററുകളിലാണ്. പരിചയ സമ്പന്നരായ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് സ്റ്റേഷനുകളിൽ സേവനം ലഭ്യമാക്കുന്നത്. സ്നേഹിതയുടെ സേവനങ്ങൾക്കായി 0497 2721817, 1800 4250 717 എന്ന നമ്പറിൽ ബന്ധപ്പെടുക.