കുടിവെള്ളം കിട്ടാക്കനി; പദ്ധതികൾ നോക്കുകുത്തി
1533695
Monday, March 17, 2025 1:07 AM IST
ആലക്കോട്: വേനൽ കടുക്കുകയും വരൾച്ച വർധിക്കുകയും ചെയ്തതോടെ ജനങ്ങൾ കുടിവെള്ള പ്രതിസന്ധിയിലാണ്. മലയോരത്തെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പഞ്ചായത്തുകളുടെ ബജറ്റിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തുക നീക്കി വയ്ക്കാത്തതാണ് പ്രതിന്ധി രൂക്ഷമാകാൻ കാരണം. കുടിവെള്ളക്ഷാമം രൂക്ഷമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ വേനൽ കടുക്കുന്നതോടെ വീടുകൾ അടച്ചിട്ട് വളർത്തുമൃഗങ്ങളെ വിറ്റ് മഴക്കാലം വരെ ബന്ധുവീടുകളിലേക്ക് താമസം മാറുന്നതും പതിവാകുന്നു. കുടിവെള്ളം എത്തിക്കാൻ പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മുൻ വർഷങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം വീടുകളിൽ വെള്ളം എത്തിച്ചെങ്കിലും ഈ വർഷം അതും നടപ്പിലായില്ല. വാഹനങ്ങൾ കടന്നു പോകാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജലം ലഭിക്കുന്നില്ലെന്നും മുൻ വർഷങ്ങളിൽ പരാതിയുണ്ടായിരുന്നു. ജലക്ഷാമം രൂക്ഷമുള്ള പ്രദേശങ്ങളിൽ കുഴൽക്കിണർ കുഴിച്ചും നിലവിലുള്ള ജലസേചന സൗകര്യങ്ങൾ കാര്യക്ഷമമാക്കിയും പ്രവർത്തനരഹിതമായ പമ്പ് ഹൗസുകൾ വഴിയുള്ള ജല വിതരണം പുനഃസ്ഥാപിച്ചും ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നോക്കുകുത്തിയായി
കുടിവെള്ള പദ്ധതികൾ
പത്തുവർഷം മുമ്പ് 12 കോടിയിലേറെ മുടക്കി നിർമിച്ച ആലക്കോട് പഞ്ചായത്തിലെ രയറോം ബീബുങ്കാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും കുഴിച്ചിട്ട പൈപ്പുകളും ഇന്ന് നിത്യസ്മാരകങ്ങളാണ്. കേന്ദ്ര സംസ്ഥാന പദ്ധതിയുടെ ഫണ്ടും തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ടും ഉപയോഗിച്ച് ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് വർഷങ്ങളായി ജലം ലഭ്യമാവാതെ 900 കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നത്. ആലക്കോട് പഞ്ചായത്തിലെ 10 വാർഡുകളിൽ വെള്ളം എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ആരുടെയൊക്കെയോ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നത്.
ജൽജീവൻ പദ്ധതിയും
അവതാളത്തിൽ
മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങളും അവതാളത്തിലാണ്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.
അഞ്ചുവർഷം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി കഴിഞ്ഞ വർഷം പൂർത്തീകരിക്കുമെന്നാണ് പ്ര ഖ്യാപിച്ചതെങ്കിലു മലയോര മേഖലയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. ജൽ ജീവൻ മിഷൻ പദ്ധതിക്കായി മലയോര മേഖലയുടെ പല ഭാഗത്തായി റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള പൈപ്പുകൾ വെയിലും മഴയുമേറ്റു നശിക്കുന്ന നിലയിലാണ്.
ഫണ്ടില്ലെന്ന് പഞ്ചായത്ത്
ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ ജൽജീവൻ പദ്ധതി നിർമാണം ഇഴഞ്ഞു നീങ്ങുന്നതിന്റെ പ്രധാന കാരണം ഫണ്ട് ലഭിക്കാത്തതാണ്. കരാറുകാരിൽ പലരും പണി നിർത്തിവച്ചിരിക്കുകയാണ്. ഉദയഗിരി പഞ്ചായത്തിലെ 15 വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത് ഇതിനായി എഴുപതു കോടി രൂപയാണ് ചെലവഴിക്കുന്നത്. 50 ശതമാനം കേന്ദ്ര സർക്കാരും 35 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം പഞ്ചായത്തുമാണ് തുക ചെലവഴിക്കുന്നത്. ഈ പദ്ധതിയാണ് ഇപ്പോൾ ഫണ്ടില്ലാത്തത് മൂലം മുടങ്ങിരിക്കുന്നത്.