ആരോഗ്യ ഗ്രാമം ലക്ഷ്യമിട്ട് കേളകം പഞ്ചായത്ത് ബജറ്റ്
1533484
Sunday, March 16, 2025 5:34 AM IST
കേളകം: ഒരു ഗ്രാമത്തിന്റെ ആരോഗ്യ പൂർണമായ വളർച്ച എന്ന ലക്ഷ്യത്തോടെ ആരോഗ്യമേഖലയ് ക്ക് ഊന്നൽ നല്കുന്ന കേളകം പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അവതരിപ്പിച്ചു. പൗരന്മാരുടെ ആരോഗ്യം, ജീവിത ശൈലി, ശുചിത്വം, ശുദ്ധജലത്തിന്റെ ലഭ്യത, വിദ്യാഭ്യാസം, സുസ്ഥിരമായ പരിസ്ഥിതി എന്നിവ ഉൾക്കൊള്ളുന്നതാണ് ബജറ്റ്. ആരോഗ്യ ഗ്രാമം ആക്കുന്നതിനുള്ള വിവിധ പദ്ധതികൾ ബജറ്റിലുണ്ട്. 29,69,26,981 രൂപ വരവും, 29,54,33,000 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
കാർഷിക രംഗത്ത് പോഷകാഹാര തോട്ട നിർമാണം, തെങ്ങ് കൃഷി വികസനം ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 31,57,200 രൂപയും, പാലിന് സബ്സിഡി നല്കാനായി 28,50,000 രൂപയും, മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾക്കായി 12,11,700 രൂപയും, ആരോഗ്യ മേഖലയിൽ പിഎച്ച്സി, ആയുർവേദ ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി എന്നിവയ്ക്കും, മരുന്ന്, പാലിയേറ്റീവ് പരിചരണം, ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം, ആരോഗ്യ പ്രവർത്തകർക്കുള്ള ഹോണറേറിയം ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 55,70,000 രൂപയും ശുചിത്വ പദ്ധതികൾക്കായി 29,42,000 രൂപയും, ബജറ്റിൽ വകയിരുത്തി.
വിവിധ മേഖലകളിൽ കുടിവെള്ള വിതരണം, കിണർ നിർമാണം, കിണർ റീചാർജിംഗ് തുടങ്ങിയ വിവിധ പദ്ധതികൾക്കായി 57,52,000 രൂപയും, വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്കായി 43,25,000 രൂപ, വനിതാ ശിശു വികസനം പദ്ധതികൾക്ക് 56,80,000 രൂപ, വനിതാക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 28,96,700, ലൈഫ് ഭവന പദ്ധതിയിൽ അവശേഷിക്കുന്ന മുഴുവൻ പേർക്കും വീട് നിർമിച്ചു നൽകുന്നതിനായി ഹഡ്കോ വായ്പ ഉൾപ്പെടെ 3,93,99,000 രൂപ, അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള വിവിധ പദ്ധതികൾക്കായി 11,50,000 രൂപ, ഭിന്നശേഷി വിഭാഗക്കാരുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്കായി 16,30,000 രൂപ, വയോജന ക്ഷേമ പദ്ധതികൾക്കായി 11,26,000 രൂപയും ബജറ്റിൽ വകയിരുത്തി.