സ്കൂളുകളിൽ പഠനോത്സവം സംഘടിപ്പിച്ചു
1533701
Monday, March 17, 2025 1:07 AM IST
പയ്യാവൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഇരിക്കൂർ ഉപജില്ലാതല പഠനോത്സവം പരിക്കളം ശാരദ വിലാസം എയുപി സ്കൂളിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ജി. ദിലീപ് അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.
ദിശാദർശൻ "ടോക്ക് മാസ്റ്റർ' വിജയികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള എണ്ണൂറോളം വിദ്യാർഥികളുടെ രചനകൾ ഉൾപ്പെടുത്തി തയാറാക്കിയ കൈയെഴുത്ത് മാസിക ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ചാക്കോ പാലയ്ക്കലോടി പ്രകാശനം ചെയ്തു.
ഉളിക്കൽ പഞ്ചായത്ത് മെംബർമാരായ കെ. രാമകൃഷ്ണൻ, ഷൈമ ഷാജു, സ്കൂൾ മുഖ്യാധ്യാപകൻ കെ.കെ. സുരേഷ്കുമാർ, പരിക്കളം എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പി.വി. ഉഷാദ്, പിടിഎ പ്രസിഡന്റ് സി.കെ. ഷാജി, മാതൃസംഘം പ്രസിഡന്റ് പി.വി. രേഷ്മ, സ്കൂൾ സീനിയർ അസിസ്റ്റന്റ് എം.എസ്. വിദ്യാറാണി, സ്റ്റാഫ് സെക്രട്ടറി എം.കെ. സ്വപ്ന, എസ്ആർജി കൺവീനർ കെ.എസ്. ഷിബു എന്നിവർ പ്രസംഗിച്ചു.
ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. 2024-25 അധ്യയന വർഷത്തിൽ പൊതുവിദ്യാഭ്യാസത്തിലൂടെ കുട്ടികൾ നേടിയ ശേഷികൾ, ആർജിച്ച നേട്ടങ്ങൾ ഒക്കെ കഥയായും കവിതയായും സ്കിറ്റായും ആസ്വാദനക്കുറിപ്പായും കുട്ടികൾ അവതരിപ്പിച്ചു. പാഠ്യ വിഷയങ്ങളിലൂന്നി മോഡലുകളും രൂപങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചു.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക വിജി മാത്യു ആമുഖഭാഷണം നടത്തി. ഫാ. ജിൻസ് ചൊള്ളമ്പുഴ, പഞ്ചായത്തംഗങ്ങളായ ഷീന ജോൺ, സിന്ധു ബെന്നി, ഇരിക്കൂർ സിആർസി കോ-ഓർഡിനേറ്റർ ടി.ഒ. നിമിഷ എന്നിവർ പങ്കെടുത്തു.