വേനൽ മഴയിലും കാറ്റിലും സ്കൂളുകൾക്ക് നാശം
1534008
Tuesday, March 18, 2025 1:22 AM IST
ചെറുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബ്ലോക്ക് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ പറന്നുപോയി. മലങ്കര സെന്റ് മേരീസ് പള്ളിയുടെ റബർ തോട്ടത്തിലാണു ഷീറ്റുകൾ പോയി വീണത്. സ്കൂൾ മൈതാനത്തിനു സമീപത്തെ തുണ്ടത്തിൽ തോമസിന്റെ പുരയിടത്തിൽ നിന്ന തെങ്ങ് ഒടിഞ്ഞ് മൈതാനത്തിലേക്കു വീണു. വൈദ്യുത കമ്പിയിൽ തങ്ങി നിന്ന തെങ്ങ് രാത്രി 10.30 ഓടെയാണു മുറിച്ചുമാറ്റിയത്.
തളിപ്പറമ്പ്: പൂമംഗലത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ വേനൽ മഴയിലും ശക്തമായ കാറ്റിലും സ്കൂൾ കെട്ടിടത്തിന്റെ ഓടുകൾ പറന്നു വീഴുകയും സ്റ്റെയർകെയിസിന്റെ ആസ്ബറ്റോസ് ഷീറ്റുകൾ പറന്ന് പോവുകയും ചെയ്തു. 200 ഓളം ഓടുകൾ നശിച്ചു. ഔഷധ തോട്ടത്തിൽ ഉണ്ടായിരുന്ന മരങ്ങൾ കെട്ടിടത്തിലേക്ക് പൊട്ടി വീണ് നിരവധി ഓടുകൾ തകർന്ന് പോവുകയും ചെയ്തു .പിടിഎയും അധ്യാപകരും രക്ഷിതാക്കളും എത്തി പൊട്ടി വീണ മരങ്ങൾ മുറിച്ച് മാറ്റുകയും ഓടുകൾ തൊട്ടടുത്തുള്ള വീടുകളിൽ നിന്ന് സംഘടിപ്പിച്ച് വച്ചുമാണ് ക്ലാസുകൾ നടത്താനായത് . 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.