പാപ്പിനിശേരിയിലെ ഗതാഗത പരിഷ്കരണം വിജയകരമെന്ന് അവലോകന യോഗം
1532693
Friday, March 14, 2025 12:50 AM IST
പാപ്പിനിശേരി: ഗതാഗതകുരുക്ക് പരിഹരിക്കാനായി പാപ്പിനിശേരിയിൽ നടപ്പാക്കിയ പരിഷ്കരണം വിജയകരമെന്ന് കെ.വി. സുമേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ നടത്തിയ അവലോകനയോഗം വിലയിരുത്തി. പരിഷകരണത്തിലൂടെ വളപട്ടണംപാലം-പഴയങ്ങാടി-പാപ്പിനിശേരി റോഡിലെ ഗതാഗതകുരുക്ക് പൂർണമായും ഒഴിവാക്കാനായി.
ചില വാഹനങ്ങൾ വൺവേ തെറ്റിച്ച് രാത്രിയിലും മറ്റും പോകുന്നത് അപകടകരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഗതാഗതനിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കെ.വി സുമേഷ് എംഎൽഎയും ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണനും അറിയിച്ചു. നിയമലംഘകർക്ക് മേൽ പിഴ ചുമത്താൻ യോഗം തീരുമാനിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ ജനങ്ങൾ പരിഷ്കരണത്തിനോട് നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. രാത്രിയിലുൾപ്പെടെ പോലീസിന്റെയും ആർടിഒ എൻഫോഴ്സ്മെന്റ് ടീമിന്റെയും പട്രോളിംഗ് ശക്തമാക്കും.
പാപ്പിനിശേരി പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ 31നകം നിരീക്ഷണ കാമറകൾ സ്ഥാപിക്കും. യോഗത്തിന് പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. പ്രദീപ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.പ്രമോദ്, വളപട്ടണം സിഐ ടി.പി.സുമേഷ് എന്നിവർ പങ്കെടുത്തു.