മുൻ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
1533031
Saturday, March 15, 2025 1:57 AM IST
സ്വന്തം ലേഖകൻ
കണ്ണൂര്‍: ധീര രക്തസാക്ഷികളുടെ സ്മരണകള്‍ തുടിച്ചുനില്ക്കുന്ന സ്ഥലം വിറ്റ് ലാഭമുണ്ടാക്കാന്‍ നേതൃത്വം വഴിവിട്ട നീക്കം നടത്തിയെന്ന മുന്‍ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. വിദേശത്തുള്ള മുന്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും പെരിങ്ങോം ഏരിയാ സെക്രട്ടറിയുമായിരുന്ന റഷീദ് ഇബ്രാഹിം പുഴുക്കുത്തുകളെ എന്ന അഭിസംബോധനയോടെ തുടങ്ങിയ ഫേസ്ബുക്ക് പോസ്റ്റാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയത്.
രക്തസാക്ഷികളുടെ മണ്ണ് വിറ്റ് കമ്മീഷന് വാങ്ങിയ പെരിങ്ങോം ഏരിയയിലെ പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയുള്ളതാണ് നീണ്ട കുറിപ്പ്. കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ: പെരിങ്ങോം ഏരിയാ കമ്മിറ്റിക്ക് പാടിയോട്ടുചാലില്‍ പുതിയൊരു ഓഫീസ് നിര്‍മിക്കാന്‍ മുനയംകുന്ന് രക്തസാക്ഷി നഗറിന്റെ ഭൂമിയില്‍ നിന്ന് 20 സെന്റ് വില്പന നടത്താന്‍ തീരുമാനിച്ചു. നാലുസെന്റ് സ്ഥലം പാടിയോട്ടുചാല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന് നാലുലക്ഷം രൂപയ്ക്ക് വില്പന നടത്താനും ബാക്കി 16 സെന്റ് സ്ഥലം മാര്‍ക്കറ്റ് വിലയ്ക്ക് പുറത്ത് വില്പന നടത്താനുമാണ് തീരുമാനിച്ചത്. എന്നാല്‍, അന്ന് ചില ഏരിയ നേതാക്കള്‍ ചേര്‍ന്ന് ആ സ്ഥലം അന്നത്തെ പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിന് കുറഞ്ഞ വിലയ്ക്കാണ് വില്പന നടത്തിയത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ നല്കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതോടെ വിറ്റ സ്ഥലം തിരിച്ചെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്ഥലം വില്പന നടത്താന്‍ തീരുമാനിക്കുന്നു. ഇത്തവണ ചെറുപുഴ ലോക്കല്‍ കമ്മിറ്റി അംഗമാണ് സ്ഥലം വാങ്ങിയത്. പാര്‍ട്ടി ഏരിയാ കമ്മിറ്റി തന്നെ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം സെന്റിന് 9.5 ലക്ഷം തോതില്‍ ഒരുകോടി അമ്പത്തി രണ്ട് ലക്ഷം രൂപയ്ക്കാണ് ഭൂമി ഇദ്ദേഹം വാങ്ങിയതെന്നും കുറിപ്പിലുണ്ട്.
എന്നാല്‍, സ്ഥലം രജിസ്റ്റര്‍ ചെയ്യാതെയും കൈമാറാതെയും അയാള്‍ പറയുന്ന ആള്‍ക്ക് സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന ഒരു വര്‍ഷത്തേക്കുള്ള എഗ്രിമെന്റുണ്ടാക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് നടത്തുന്നവര്‍ പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ നിലപാട് കാറ്റില്‍ പറത്തിയാണ് രക്തസാക്ഷികളുടെ മണ്ണ് വിറ്റ് കമ്മീഷനടിക്കാന്‍ ഏരിയ നേതൃത്വം കൂട്ടുനിന്നിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
പോസ്റ്റ് ഇപ്പോള്‍ പാര്‍ട്ടിയംഗങ്ങളില്‍ വരെ സജീവ ചര്‍ച്ചയായി മാറിയിരിക്കുന്നത്.