ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ ഒന്നിന് പുറത്തിറക്കും: മന്ത്രി കെ. രാജൻ
1533035
Saturday, March 15, 2025 1:57 AM IST
കണ്ണൂർ: ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉൾക്കൊ ള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ ഒന്നിന് പുറത്തിറക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടോദ്ഘാടനം ഓൺലൈ നായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ 555 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുകയാണ്. മുന്നൂറോളം വില്ലേജ് ഓഫീസുകളുടെ നിർമാണം ആരംഭിച്ചു. ഇതിനൊപ്പം, റവന്യൂ വകുപ്പിന്റെ സേവനങ്ങൾ പൂർണമായും ഇ-സേവനങ്ങളാക്കുന്ന നടപടിക്രമങ്ങളും നടന്നു വരുന്നു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ നിലവിൽ 1,80,000 പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
കെ. വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചിറക്കൽ കോവിലകം വലിയ രാജ രാമവർമ മുഖ്യാതിഥിയായിരുന്നു. വില്ലേജ് ഓഫീസിന്റെ ശിലാഫലക അനാഛാദനം എംഎൽഎയും ജില്ലാ കളക്ടർ അരുൺ കെ. വിജയനും ചേർന്ന് നിർവഹിച്ചു.
പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി.പി. സാബു റിപ്പോർട്ട് അവതരിപ്പിച്ചു. 27,30,753 രൂപയ്ക്കാണ് നിർമാണം പൂർത്തീകരിച്ചത്.